കാബൂള്‍: തുണിക്കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബൊമ്മകളുടെ ‘തലവെട്ടാന്‍’ താലിബാന് നിര്‍ദേശം. ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്ന വാദം പറഞ്ഞാണ് തുണിക്കടകള്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം പുറത്തിറക്കിയതിന് പിന്നാലെ സ്ഥാപിച്ചിരിക്കുന്ന ബൊമ്മകളുടെ തലകള്‍ നീക്കം ചെയ്യണമെന്ന് താലിബാന് കടയുടമകളോട് ആവശ്യപ്പെട്ടു. ഇസ്ലാമിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്ത്രീ രൂപമുള്ള പ്രതിമകളെ അളുകള്‍ ആരാധിക്കുന്നു. ഇത് മതവികാരത്തിന് എതിരാണെന്നാണ് താലിബാന്റെ വാദം. പ്രതിമ മുഴുവനായി നീക്കാനായിരുന്നു ആദ്യ ഉത്തരവ് എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഉടലില്‍ നിന്ന് തലമാത്രം അറുത്ത് നീക്കാന്‍ ഉത്തരവിടുകയായിരുന്നു. നിര്‍ദേശം വന്നതോടെ കടകളിലെ പ്രതിമകളുടെ തലകള്‍ അറുത്ത് മാറ്റുന്ന വീഡിയോകളും മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. പ്രതിമകളുടെ വില കണക്കിലെടുത്ത് ഉണ്ടാകുന്ന നഷ്ടം് കട ഉടമകളെ നിരാശയിലാഴ്ത്തുന്നുണ്ട്.
അഫ്ഗാനില്‍ താലിബാന് അധികാരമേറ്റതോടെയാണ് സദ്ഗുണ പ്രചാരണത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം നിലവില്‍ വന്നത്. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിരവധി ഉത്തരവുകളും കൊണ്ടുവന്നിരുന്നു. അടുത്തിടെയാണ് സ്ത്രീകളുടെ യാത്രകള്‍ക്ക് താലിബാന് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടെ ബന്ധുക്കളായ പുരുഷന്മാര് ഉണ്ടായിരിക്കണം എന്നായിരുന്നു മന്ത്രാലയത്തിന്റെ ഉത്തരവ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും നേരത്തെ താലിബാന് മന്ത്രാലയം ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: