തിരുവനന്തപുരം : പുതുവര്‍ഷത്തലേന്ന് കോവളത്ത് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. വിദേശിയെ അവഹേളിച്ചെന്ന പരാതിയില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിക്കും സാധ്യത.
കോവളം സ്റ്റേഷനിലെ പ്രിന്‍സില്‍ എസ്ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെ അന്വേഷണവും തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്.
സ്വീഡിഷ് പൗരനായി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ തടഞ്ഞ് മദ്യത്തിന്റെ ബില്ലാവശ്യപ്പെട്ട പോലീസ് സംഘത്തിലെ മൂന്ന് പേര്‍ക്കെതിരേയാണ് അച്ചടക്ക നടപടി. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ അനീഷ്, മനേഷ്, സജിത്ത് എന്നിവര്‍ക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്. വകുപ്പുതല അന്വേഷണത്തിന് വാക്കാലാണ് നിര്‍ദേശം.
സാധാരണ പോലീസ് നടപടിയുടെ ഭാഗമായ വാഹന പരിശോധനയാണ് നടത്തിയതെങ്കിലും വിദേശിയുടെ കാര്യത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനായി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയേക്കും.
നേരത്തെ സംഭവത്തില്‍ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബിവറേജസ് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: