ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ പത്താം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 10 കോടിയിലധികം ഗുണഭോക്താക്കളായ കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 കോടിയിലധികം തുക കൈമാറി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് തുക അനുവദിച്ചത്.
കൊറോണ വൈറസ് രോഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നേട്ടങ്ങളും മുന്നേറ്റങ്ങളും പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. കൊറോണ വൈറസിന് അതിന്റെ വെല്ലുവിളികളുണ്ട്, പക്ഷേ അതിന് ഇന്ത്യയുടെ വേഗത തടയാന്‍ കഴിയില്ല. 2022ല്‍, നമ്മുടെ വേഗത ഇനിയും ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യ പൂര്‍ണ്ണ ജാഗ്രതയോടെ കോവിഡ് 19നെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
പിഎം-കിസാന്‍ സ്കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇത് മൂന്ന് തുല്യ ഗഡുക്കളായ 2,000 ആയി നല്‍കണം. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: