എരുമേലി: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി-കാളകെട്ടി പാത തുറന്നു. ഇന്നലെ രാവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. അനന്തഗോപന്‍ കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കുന്ന കാനനപാത തീര്‍ഥാടകര്‍ക്കായി തുറന്ന് നല്കി.
ശബരിമല തീര്‍ഥാടകരുടെയും അയ്യപ്പ വിശ്വാസികളുടെയും വലിയ ആവശ്യമാണ് നടപ്പാകുന്നതെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തവര്‍ക്ക് പോകാനാകും. സ്പോട്ട് ബുക്കിങിനുള്ള സൗകര്യവും ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല എഡിഎം അര്ജുന് പാണ്ഡ്യന്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എന്‍. തങ്കപ്പന്, അഡ്വ. മനോജ് ചരളേല്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എ. അജിത് കുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എസ്. ബൈജു, അസി. കമ്മീഷണര്‍ ആര്.എസ്. ഉണ്ണികൃഷ്ണന്, അസി. എന്‍ജിനീയര്‍ വിജയമോഹന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.പി. സതീഷ് കുമാര്‍, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. ജയകുമാര്‍, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.ബി. ജയന് എന്നിവര്‍ പങ്കെടുത്തു.
എരുമേലി വഴിയുള്ള കാനനപാത തുറന്നതിന് പിന്നാലെ പരമ്പരാഗത കാനനപാതയായ സത്രം വഴി തീര്‍ഥാടകരെ കടത്തി വിടണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ സീസണിലും ഇതുവഴിയുള്ള തീര്‍ഥാടകരുടെ പ്രവേശനം വിലക്കിയിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ സന്നിധാനത്തെത്താനാകുന്നതാണ് സത്രം വഴിയുള്ള കാനനപാത.
വണ്ടിപ്പെരിയാറില്‍ നിന്ന് 14 കി.മീ. സഞ്ചരിച്ചാല്‍ സത്രത്തിലെത്താനാകും.ഇവിടെ വരെ വാഹനങ്ങളെത്തും. സത്രത്തില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വിരിവയ്ക്കാനും സൗകര്യമുണ്ട്. നേരത്തെ വള്ളക്കടവ്- കോഴിക്കാനം- വഴി പുല്ലുമേട് വരെ വാഹനങ്ങളെത്തിയിരുന്നു. എന്നാല്‍ 2011ലെ പുല്ലുമേട് ദുരന്തത്തിന് പിന്നാലെ ഇതുവഴിയുള്ള വാഹന ഗതാഗതം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞു. നിലവില്‍ മകരവിളക്കിന് മാത്രമാണ് ഈ വഴി തുറന്ന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: