ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നതിനിടയില്‍, വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുതിയ നിര്‍ദ്ദേശം നല്കി. ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയോടൊപ്പവും അല്ലാതെയും പനി ലക്ഷണമുള്ള ഏതൊരു വ്യക്തിയേയും കോവിഡ് രോഗിയായി തന്നെ സംശയിക്കണം. പരിശോധന ഫലം നെഗറ്റീവ് ആകും വരെ നിരീക്ഷണം തുടരണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമായ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ ബൂത്തുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്ക്ക്കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡിജി ഡോ ബല്‍റാം ഭാര്‍ഗവ എന്നിവര്‍ കത്തയച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുകയും ഹോം ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: