ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പകരുന്ന കൊറോണ വൈറസ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 781 കടന്നു. നവംബറില്‍ വൈറസ് വ്യാപനം 21 സംസ്ഥാനങ്ങളിലേക്ക് എത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. 238 കേസുകളുമായി ഏറ്റവും കൂടുതല്‍ രോഗികളുള്ള ഒന്നാം സംസ്ഥാനമായി ദല്‍ഹി മാറി. 167 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,195 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 44 ശതമാനം കൂടുതലാണിത്. ഇന്നലത്തെ 6,358 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തുടനീളമുള്ള വാക്സിനേഷന് യജ്ഞം വേഗത്തിലാക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് ഇതുവരെ 143 കോടിയിലധികം വാക്സിന് ഡോസുകളാണ് നല്‍കിയത്.
എന്നാല്‍ ബ്രിട്ടനെ ഭീതിയിലാഴ്ത്തി കൊവിഡ് മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞദിവസം യുകെയില്‍ 143 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 98,515 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 7,63,295 പേര് രോഗബാധിതരായി. 742 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജനങ്ങളും കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്ന് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: