കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ കേന്ദ്ര ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രസംഘം മ്യൂസിയത്തിലെ പുരാവസ്തുക്കള്‍ പരിശോധിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധനയ്‌ക്കെത്തുന്നത്.
ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍ അടക്കം 13 സാധനങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് കേന്ദ്ര പുരാവസ്തു ഗവേഷക വിഭാഗത്തിന്റെ സഹായം തേടിയിരിക്കുന്നത്. നേരത്തെ തൃശ്ശൂരില്‍ നിന്നുള്ള ആര്‍ക്കിയോളജി സര്‍വ്വെ സംഘം 35 സാധനങ്ങള്‍ പരിശോധിച്ച് ഇവ വ്യാജമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കുറ്റപത്രമടക്കം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സംഘം തീരുമാനമെടുക്കുക.
അതേസമയം പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ മോന്‍സന്റെ സുഹൃത്ത് സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍. നടി ശ്രുതി ലക്ഷ്മിയും മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. ഇതുകൂടാതെ മോന്‍സനുമായി ബന്ധമുള്ള മറ്റ് ആളുകളേയും അന്വഷണ വിധേയമായി ഇഡി ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: