തിരുവനന്തപുരം: ഓട്ടോ- ടാക്സി തൊഴിലാളികൾ ഡിസംബര്‍ 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേത്തു. നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയ്ക്ക് ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ദ്ധിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് കേരളപ്രദേശ് ഓട്ടോറിക്ഷാ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്കുമാര്‍, കേരള ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് ആര്. തമ്ബി, ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി വി.രാജേഷ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: