തിരുവല്ല: അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ ആധാര്‍ അധിഷ്ഠിത ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,28,770 തൊഴിലാളികള്‍. ജില്ലയില്‍ രണ്ട് ലക്ഷത്തോളം അസംഘടിത തൊഴിലാളികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ രജിസ്ട്രേഷന്റെ അവസാന തീയതി 31ന് അവസാനിക്കാന്‍ ഇരിക്കെ ഇനിയും ഏറെ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ 90,000 ത്തോളം തൊഴിലാളികള്‍ തൊഴിലുറപ്പ് തൊഴിലാളികളും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവരുമാണ്. 30,000 തൊഴിലാളികള്‍ മാത്രമാണ് തീര്‍ത്തും അസംഘടിത മേഖലയില്‍ നിന്നുള്ളത്.
ജില്ലയിലെ ഏറ്റവും പിന്നാക്ക,വനവാസി മേഖലയിലെ തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞ്ിട്ടില്ലെന്നാണ് ജില്ലാ ലേബര്‍ ഓഫീസ് വകുപ്പ് അധികൃതര്‍ പറയുന്നത്. തീര്‍ത്തും അസംഘടിതരായ തെങ്ങുകയറ്റ തൊഴിലാളികള്‍, മരപ്പണിക്കാര്‍, ടാപ്പിങ് തൊഴിലാളികള്‍ തുടങ്ങിയവരുടെ എണ്ണം വളരെ കുറവാണ്. അതേ സമയം പിന്നാക്ക മേഖലയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ച് തൊഴിലാളികളില്‍ അവബോദം ഉണ്ടാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ജില്ലാഭരണകൂടത്തിന്റേയൊ തൊഴില്‍വകുപ്പിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.
തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ തൊഴിലാളികളെയും തെറ്റിധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്ന തെറ്റിധാരണ പരത്താനും ശ്രമം നടക്കുന്നു. ക്ഷേമനിധി ബോര്‍ഡുകളുടെ തലപ്പത്ത് ഭരണപക്ഷത്തെ വിവിധ കക്ഷികളുടെ നോമിനികളാണ്. ഇവര്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍. അതേസമയം തീര്‍ത്തും പിന്നാക്ക മേഖലയില്‍ പദ്ധതിയെക്കുറിച്ച് വേണ്ടത്ര അവബോധം എത്തിയിട്ടുമില്ല.
16 മുതല്‍ 59 വയസ്സു വരെയുള്ള അസംഘടിത തൊഴിലാളികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇഎസ്ഐ,ഇപിഎഫ് ആനുകൂല്യം ഇല്ലാത്തവര്‍ക്കും വരുമാനനികുതി പരിധിയില്‍പ്പെടാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സും ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: