തൃശ്ശൂര്‍: നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആവാതെ കേരളത്തിന്റെ ഭിന്നശേഷി കായികതാരങ്ങള്‍ നിരാശയോടെ മടങ്ങി. ഭുവനേശ്വറില്‍ നടക്കുന്ന നാലാമത് പാരാ ബാഡ്മിന്റണ്‍ നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്ന് പോയ 15 അംഗ സംഘത്തിനാണ് അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശരായി മടങ്ങേണ്ടി വന്നത്.
പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് അഫിലിയേഷന് നേടി അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫ്രന്റലി ഏബിള്‍ഡിന്റെ ഇടപെടല്‍ മൂലമാണ് കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് അവസരം നിഷേധിച്ചത്. മത്സരം നടക്കുന്ന സ്ഥലത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമരം നടത്തിയെങ്കിലും നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചില്ല. മെഡല്‍ ജേതാവും പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ദീപാ മാലിക്കുമായി കായിക താരങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഗണന ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും മുഖ്യമന്ത്രിയ്ക്കും കായികതാരങ്ങള്‍ പരാതി കൈമാറി. വ്യാജ അഫിലിയേഷന് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഫിസിക്കലി ചലഞ്ചഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാരാലിമ്പിക് കമ്മറ്റിയുടെ ഓഫീസിലേക്ക് ജനുവരി അവസാനത്തോടെ മാര്‍ച്ച് നടത്തുമെന്നും ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: