ന്യൂദല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
രോഗവ്യാപനം തടയാന്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണം. പുതിയ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ സംവിധാനം സജ്ജമാണെന്നും ഓക്സിജന്‍ കിടക്കകളും മരുന്നുകളും ആവശ്യത്തിനുണ്ടെന്നും ഉറപ്പാക്കണം. ഡിസംബര്‍ 23ന് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അജയ് ഭല്ല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ആഘോഷങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഒമിക്രോണ്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
കൊവിഡ് കേസുകള്‍ വലിയ തോതില്‍ കുറഞ്ഞെങ്കിലും ഒമിക്രോണ്‍ വകഭേദം മൂന്നിരട്ടി വ്യാപന ശേഷിയുള്ളതാണ്. ഇത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാണ്. ലോകത്ത് 119 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പ് (ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്), റഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
ദുരന്തനിവാരണ നിയമം
പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ദുരന്ത നിവാരണ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 21ന് ഇറക്കിയ ഉത്തരവിലുള്ള നിര്‍ദേശങ്ങളും നടപടിക്രമങ്ങളും 2022 ജനുവരി 31 വരെ കര്‍ശനമായി നടപ്പാക്കണം.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ നടപടികള്‍ സ്വീകരിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: