വിജയ് സി.എച്ച്.
മഹാമാരിമൂലം പൂര്‍ണ്ണമായും തകര്‍ന്നു പോയത് മലയാളം സിനിമയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് തിയേറ്ററുകളില്‍ ചലച്ചിത്ര പ്രദര്‍ശനം പ്രായോഗികമായിരുന്നില്ല. സിനിമാ ശാലകള്‍ക്ക് ഒരു ബദല്‍ സംവിധാനമാകാന്‍ ഒടിടി പ്ലാറ്റ്ഫോമിന് ഒരു കാലത്തും കഴിയുകയുമില്ല. തിയേറ്ററുകളില്‍ പോയി സിനിമ കാണുന്ന സാധാരണ പ്രേക്ഷകരാണ് ചലച്ചിത്ര വ്യവസായത്തിന്റെ നെടുംതൂണ്.
2018-ല്‍ പ്രദര്‍ശനത്തിയ ‘ഞാന്‍ പ്രകാശനു’ ശേഷം, കൊറോണക്കെടുതിയില്‍ നിന്ന് തെല്ലൊന്ന് ആശ്വാസം ലഭിച്ചപ്പോള്‍, ‘പൂമര’ത്തിലെ വേഷത്തില്‍ പ്രേക്ഷകര്‍ ഒടുവില്‍ കണ്ട മീര ജാസ്മിനുമൊത്ത്, തന്റെ പുതിയ സംരംഭമായ ‘മകളി’ലൂടെ സത്യന് അന്തിക്കാട് വന്‍ തിരിച്ചുവരവ് നടത്തുന്നു!
സത്യന്റെ പുതിയ പടം തിയേറ്ററുകളിലെത്തുകയെന്നാല് കൊറോണക്കെടുതിയില്‍ സ്തംഭിച്ചുപോയ മലയാള സിനിമ അതിന്റെ പുഷ്കല കാലത്തേക്ക് മടങ്ങിയെത്തുന്നതിനു സമാനമാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.
പുതിയ പടം തിയേറ്ററുകളില്‍
മീര 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്റെ പടത്തില്‍ വീണ്ടും അഭിനയിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിനു ശേഷം ജയറാമും. ജൂലിയെറ്റെന്ന കേന്ദ്ര കഥാപാത്രമാണ് മീരയുടെത്. ശ്രീനിവാസനും ഇന്നസെന്റും സിദ്ദിഖും കെ.പി.എ.സി. ലളിതയുമെല്ലാമുണ്ട് പടത്തില്‍. ‘കുടുംബപുരാണ’ത്തിനും ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്കുമൊക്കെ പണം മുടക്കിയവര്‍ തന്നെയാണ് ‘മകളു’ടെയും നിര്‍മ്മാതാക്കള്‍. രചന ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെയാണ്. അഭ്രപാളിയില്‍ മനോഹാരിതകള്‍ മാത്രം പകര്‍ത്തുന്ന എസ്. കുമാറിന്റെ ഛായാഗ്രാഹണം. സംഗീതം നല്‍കുന്നത് വിഷ്ണു വിജയ്.
കൊവിഡ് ഇടവേള തട്ടിയെടുത്തു
ഞാന്‍ ഒരു പടം കഴിഞ്ഞാല്‍ അല്പം വിശ്രമിച്ചതിനു ശേഷമാണ് പുതിയതിന് തയ്യാറെടുക്കുന്നത്. ഈ ഇടവേള മാത്രമാണ് എനിക്ക് വായിക്കാനും എഴുതാനും ലഭിക്കുന്ന അവസരം. അങ്ങനെ ഇത്തിരി വായനയിലും എഴുത്തിലും മുഴുകിയിരിക്കുന്ന സമയത്താണ് രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് തൃശ്ശൂരിലെന്ന് വാര്‍ത്തകള്‍ വന്നത്. 2020, ജനുവരി അവസാനത്തില്‍. കൂടിയാല്‍ രണ്ടോ മൂന്നോ മാസത്തെ പ്രശ്നമേയുള്ളൂവെന്നാണ് തുടക്കത്തില്‍ കരുതിയത്. എന്നാല്‍, ആളിപ്പടര്‍ന്ന സാംക്രമിക രോഗം എനിക്കു തന്നത് അശാന്തിയുടെ ദിനരാത്രങ്ങളാണ്. വായിക്കുവാനും എഴുതുവാനുമുള്ള എന്റെ മനോനില കോവിഡ് തട്ടിയെടുത്തു.
മമ്മൂട്ടിപ്പടം നഷ്ടമായി
2020-ലെ ഓണം റിലീസ് നഷ്ടമായത് മറക്കാനാവാത്തൊരു അപചയമാണ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള തിരക്കഥ നിരവധി ചര്‍ച്ചകള്‍ക്കും, മിനുക്കു പണികള്‍ക്കുമൊടുവില്‍ അന്ത്യരൂപം കൊണ്ടു. ഞാന്‍ അവസാനം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പടം ‘ഒരാള്‍ മാത്രം’ ആയിരുന്നു. പത്തിരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്നെ. അതുകൊണ്ടാണ് 2020-ലെ ഓണം റിലീസിന് മമ്മൂട്ടി വേണമെന്ന് ആഗ്രഹിച്ചത്. ജനുവരിയില്‍ തന്നെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഏപ്രില്‍ 10-ന് ഷൂട്ട് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. ഏപ്രില്‍-മേയ് ആണല്ലോ സിനിമയുടെ കൊയ്ത്തുകാലം. ഷൂട്ട് അല്പം വൈകിയാല്‍ പോലും, യുദ്ധകാലാടിസ്ഥാനത്തില്‍ രാവും പകലും പണിയെടുത്താല്‍, പടം ഓണത്തിന് തിയേറ്ററുകളില്‍ എത്തിക്കാമെന്നും കണക്കുകൂട്ടി. കൊറോണക്കാലം അന്ന് ലോക്ഡൗണില്‍ എത്തിയിട്ടില്ലായിരുന്നു. എങ്ങനെയെങ്കിലും ഷൂട്ടുമായി മുമ്പോട്ടു പോകാമെന്നുതന്നെയാണ് അവസാനം വരെ കരുതിയത്. പക്ഷേ കൊവിഡ് വ്യാപനം കുതിച്ചുയര്‍ന്നു. എല്ലാ സ്വപ്നങ്ങളും തകര്‍ന്ന് തരിപ്പണമായി. ആ സ്ക്രിപ്റ്റ് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതാണ് ഏറ്റവും വലിയ ഖേദം. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയായിരുന്നു അത്. മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ സകല നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. മമ്മൂട്ടിയെ നായകനാക്കി ഞാന്‍ മുന്നെ സംവിധാനം ചെയ്തിട്ടുള്ള കളിക്കളം, അര്‍ത്ഥം, ഗോളാന്തര വാര്‍ത്തകള്‍, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കനല്‍ക്കാറ്റ് മുതലായവയെല്ലാം വലിയ വിജയങ്ങളായിരുന്നു. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. ഞാനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എന്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’.
കൊറോണ പഠിപ്പിച്ച പാഠങ്ങള്‍
എല്ലാ രാജ്യങ്ങളിലെയും എല്ലാ തട്ടില്പ്പെട്ടവരെയും ഏറ്റക്കുറച്ചിലില്ലാതെ രോഗഗ്രസ്തരാക്കിയ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ആദ്യത്തെ പാഠം എല്ലാവരും തുല്യരെന്നാണ്. ഉള്ളവനെയും ഇല്ലാത്തവനെയും കൊവിഡ്-19 ഒരുപോലെ പിടികൂടി. അഹങ്കരിക്കാനായി ഒന്നുമില്ലെന്നു തെളിയിച്ചു. ഒരു നിമിഷം മതി എല്ലാം തലകീഴായ് മറിയാന്‍. പണമെത്ര ഉണ്ടായാലും കൊച്ചു കാര്യങ്ങള്‍വരെ നടക്കില്ലെന്നു കൊറോണ നമ്മെ ബോദ്ധ്യപ്പെടുത്തി. രണ്ടാമത്തെ പാഠം, പരാശ്രയം കൂടാതെ ജീവിക്കാന്‍ നമ്മളെ പാകപ്പെടുത്തിയെടുത്തതാണ്. മറുനാടന്‍ തൊഴിലാളികളെ ആശ്രയിക്കാതെ എങ്ങനെ ജീവിക്കാമെന്ന് കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ജോലിക്കാരെ തിരിച്ചയച്ചതാണ് പരസഹായമില്ലാതെ കഴിഞ്ഞുകൂടാന്‍ നമ്മെ പ്രേരിപ്പിച്ചത്.
‘ഞാന്‍ പ്രകാശന്’ ആശ്വാസം
ഞാന്‍ ഒടുവില്‍ ചെയ്ത ‘ഞാന്‍ പ്രകാശന്’ 2018 ഡിസംബര്‍ അവസാനമാണ് റിലീസ് ചെയ്തത്. എന്റെ അമ്പത്തിയെട്ടാമത്തെ പടം. ശ്രീനിവാസന്റെ രചന ജനപ്രിയമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ഏതിലും തല്‍ക്ഷണം നേട്ടം കാംക്ഷിക്കുന്ന പുതിയ തലമുറയെ പ്രതിനിധീകരിച്ചു പ്രകാശന്റെ വേഷമിട്ട ഫഹദ് ഫാസിലിനെ ജനം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. 2013-ലെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ക്കു ശേഷം ഫഹദിനെ വീണ്ടും നായകനാക്കുകയായിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയം തന്നെയായിരുന്നു ‘ഞാന്‍ പ്രകാശന്’. നൂറു ദിവസം പിന്നിട്ടതിനെ തുടര്‍ന്ന് ആഘോഷ പരിപാടികളും നടത്താന്‍ കഴിഞ്ഞു. ഈ പടത്തിന്റെ തിരക്കഥ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. കാലന് കൊറോണ ഇങ്ങെത്തും മുന്നേ ഇതെല്ലാം സാധിച്ചല്ലോയെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വലിയ ആശ്വാസം തോന്നുന്നു. പുതിയ പടം ചെയ്ത് തിയേറ്റര്‍-റിലീസ് എന്നു നടത്തുവാന്‍ കഴിയുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കഴിച്ചുകൂട്ടിയ മഹാമാരിക്കാലത്ത്, ഒടുവില്‍ സംവിധാനം ചെയ്തു വിജയമായിത്തീര്‍ന്ന ‘ഞാന്‍ പ്രകാശന്’ പ്രാധാന്യം വര്‍ദ്ധിച്ചു.
പ്രതിസന്ധി പൂര്‍ണ്ണമായും നീങ്ങിയില്ല
പ്രശസ്ത സംവിധായകന് പി. ചന്ദ്രകുമാറിന്റെ ‘അഗ്നി പര്‍വ്വതം’ (1979) എന്ന പടത്തിന്റെ സഹസംവിധായകനായി രംഗത്തെത്തിയതു മുതല്‍ ഞാന്‍ സിനിമയില്‍ സജീവമാണ്. നാല്‍പ്പത്തിരണ്ടു വര്‍ഷമായി ഇവിടെയുണ്ട്. എന്നാല്‍, ചലച്ചിത്ര നിര്‍മ്മാണവും അതിന്റെ പ്രദര്‍ശനവും മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത വെല്ലുവിളികളാണ് ഇപ്പോള്‍ നേരിടുന്നത്. കൊവിഡ് പ്രോട്ടൊക്കോളിന്റെ ഭാഗമായി തിയേറ്ററുകള്‍ അടച്ചിടപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരണവും എളുപ്പമല്ല. സിനിമ ഒരു അവശ്യ വസ്തുവല്ല എന്നതാണ് ഈ മാധ്യമത്തിന്റെ നിലനില്‍പ്പിനെ ശരിക്കും അപകടത്തിലാക്കുന്നത്. ഭക്ഷണമോ പാര്‍പ്പിടമോ പോലെയല്ലല്ലോ ഇത്. മനുഷ്യന് സിനിമയില്ലാതെയും കഴിയാം എന്നതുകൊണ്ട് ചലച്ചിത്രത്തിന്റെ നിലനില്‍പ്പിന് പ്രത്യേക പരിഗണനകളൊന്നും ലഭിക്കാന്‍ ഇടയില്ല.
ഒടിടി പ്ലാറ്റ്ഫോം പകരമാവില്ല
കോവിഡില്‍ നിന്ന് മുക്തി നേടി, തീയേറ്ററുകള്‍ ഉടനെ തുറക്കാന്‍ സാധ്യതയില്ലെന്ന ആശങ്കയില്‍ സിനിമാ റിലീസും പ്രദര്‍ശനവും ഒടിടി പ്ലേറ്റ്ഫോമിലേക്ക് മാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഏതെങ്കിലുമൊരു പ്ലാറ്റ്ഫോമിന്റെ വരിക്കാരായി, വീട്ടിലിരുന്നു ഇന്റര്‍നെറ്റുവഴി പുതിയ സിനിമകള്‍ കാണാനുള്ള സൗകര്യമാണിത്. പക്ഷേ, ഒടിടി-ക്ക് ഒരുപാട് പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. പോസ്റ്റര്‍ ഡിസൈന്‍ മുതല്‍ ചിത്രീകരണരീതി വരെ സ്വകാര്യ പ്ലേറ്റ്ഫോം ഉടമസ്ഥരുടെ നിയന്ത്രണത്തിലാകും നടക്കുക. ആര്‍ട്ടിസ്റ്റ് വാല്യൂ, ബിഗ് ബജറ്റ്-സ്മാള്‍ ബജറ്റ് മുതലായ കാര്യങ്ങളൊക്കെ അവര്‍ക്ക് സ്വീകാര്യമാണെങ്കില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ. ഒടിടി-യില്‍ പ്രതിഭാശാലികളായ പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതിനുവരെ കടമ്പകള്‍ കടക്കേണ്ടിവരും. തീയേറ്ററിലാണ് റിലീസ് ചെയ്യുന്നതെങ്കില്‍ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. ചലച്ചിത്രനിര്‍മ്മാണവും പ്രദര്‍ശനവും ഒടിടി പ്ലാറ്റ്ഫോമില്‍ തളച്ചിടേണ്ട ഒരു കലയല്ല. അല്പം വൈകിയാലും ഈ ആപല്‍ഘട്ടം അതിജീവിച്ച് മലയാള സിനിമ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ സൂചനകളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
‘താറാവ്’ മാസ്റ്റര്‍പീസ് വീണ്ടും ചെയ്യും
‘പൊന്മുട്ടയിടുന്ന താറാവ്’ എന്റെ മാസ്റ്റര്‍പീസാണെന്നു വിലയിരുത്തുന്നവരുണ്ട്. വിശാലമായ കാന്‍വാസില്‍ വേറെ പടങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ‘താറാവ്’ പ്രേക്ഷകരെപ്പോലെ എനിക്കും വേറിട്ടൊരു അനുഭവമായിരുന്നു. ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്നായിരുന്നു വാസ്തവത്തില്‍ അതിന്റെ പേര്. തട്ടാനും സ്വര്‍ണ്ണവും തമ്മിലുള്ള ഇടതൂര്‍ന്ന ബന്ധം. തട്ടാന്‍ തനിക്കു പ്രിയം തോന്നുന്നവള്‍ക്ക് ഇത്തിരി വല്ല്യേ ഒരു പണ്ടം ഉണ്ടാക്കിക്കൊടുക്കുന്നതും നാട്ടുനടപ്പ്. വിവാദങ്ങളൊഴിവാക്കാനാണ്, പേര് പിന്നീട് ‘പൊന്മുട്ടയിടുന്ന താറാവ്’ എന്നാക്കി മാറ്റിയത്. തട്ടാന്‍ ഭാസ്കരനും സ്നേഹലതയും വെളിച്ചപ്പാടും ‘പശുപോയ’ പാപ്പിയും മുതല്‍, അതിഥിവേഷം ചെയ്ത ഹാജിയാരുടെ ബീവിവരെയുള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കൊരു സന്ദേശം കൊടുക്കാനുണ്ടായിരുന്നു. ഇതിന്റെ ക്രെഡിറ്റ് രഘുവിനാണ് (തിരക്കഥാകൃത്ത്, രഘുനാഥ് പലേരി). രഘുവിന്റെ മനോഹരമായൊരു ഭാവനയായിരുന്നു ഈ കഥ. രഘുവും ഞാനും ശ്രീനിയും (ശ്രീനിവാസന്) പലവട്ടം കൂടിയാലോചിച്ചാണ് കഥയ്ക്കും കഥാരംഗങ്ങള്‍ക്കും അന്തിമരൂപം നല്‍കിയത്. പൊതു സമൂഹത്തിലെ സത്യമായ സംഗതികള്‍ ഹാസ്യാത്മകമായി വരച്ചുകാട്ടുന്ന ‘താറാവ്’ പോലെയുള്ള വിപുലമായ തിരക്കഥ ഇനിയും ചെയ്യും. സമാനമായ സാമൂഹിക പ്രമേയമുള്ള സിനിമകള്‍ ഇന്നും ഏറെ പ്രസക്തിയുള്ളവ തന്നെയാണ്. കാലത്തിനനുസരിച്ച് അവതരണ രീതിയില്‍ പരിഷ്കാരങ്ങള്‍ വരുത്തണമെന്നേയുള്ളൂ. മറ്റു കാര്യങ്ങള്‍ യോജിച്ചു വന്നാല്‍ ‘താറാവ്’ പോലെ മറ്റൊന്നിനെക്കുറിച്ച് ആലോചിക്കും.
ഇഷ്ട സിനിമയുടെ വ്യാകരണം
നന്മനിറഞ്ഞൊരു കുടുംബ ജീവിതത്തിനു യോജിക്കാത്തതായി ഒന്നും പറയില്ല, കാണിക്കില്ല, സൂചിപ്പിക്കുക പോലുമില്ല. അവസാനം ഒരു സന്ദേശവും വേണം. നമ്മുടെ പരിസരങ്ങളില്‍നിന്നു തന്നെ കണ്ടെത്തിയ സ്വാഭാവികമായ കഥാപാത്രങ്ങളുമാകണം. ഇതൊക്കെയാണ് എന്റെ ഇഷ്ട സിനിമയുടെ ഏകദേശ വ്യാകരണം. ഞാനൊരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് എനിക്കു കൂടുതല്‍ മനസ്സിലാകുന്നത്. എനിക്ക് ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നത് എനിക്കു നേരിട്ടറിയാവുന്ന വിഷയങ്ങളാണ്. വിദേശ നോവലുകളും അവയുടെ നാടന്‍ വിവര്‍ത്തനങ്ങളും മലയാളിക്കു മനസ്സിലാവാത്ത അവയിലെ കഥാപാത്രങ്ങളും എന്റെ കാന്‍വാസില്‍ കാണില്ല. മൊഴിമാറ്റം ചെയ്ത മറ്റു ഇന്ത്യന്‍ ഭാഷകളിലെ പുസ്തകങ്ങളിലേക്കും ഞാന്‍ കാമറ തിരിച്ചിട്ടില്ല. നമ്മുടെ പ്രേക്ഷകര്‍ എന്നില്‍നിന്നു പ്രതീക്ഷിക്കുന്നതും നാടന്‍ വിഷയങ്ങളാണ്. ടി.പി.ബാലഗോപാലന് എം.എയും സന്മനസ്സുള്ളവര്‍ക്കു സമാധാനവും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും ആരംഭകാലത്തെ ചില ഉദാഹരണങ്ങളാണ്. വരവേല്‍പ്പ്, സന്ദേശം മുതലായവ നാട്ടിലെ സമകാലിക സംഭവങ്ങളുടെ ആവിഷ്കാരങ്ങളുമായിരുന്നു. ഞാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളും രസതന്ത്രവും അതുപോലെയുള്ള മറ്റു പടങ്ങളും തന്നെയാണ് എന്റെ ചലച്ചിത്ര ഭാഷയുടെയും അതിന്റെ വ്യാകരണത്തിന്റെയും സാക്ഷ്യപത്രങ്ങള്‍! കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്ക് മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
സത്യന്-ശ്രീനിവാസന് കൂട്ടുകെട്ട്
ഞാന്‍ സംവിധാനം ചെയ്യുന്നു, ശ്രീനി എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു. സാമൂഹികമായി ഞങ്ങളുടെ കുടുംബപശ്ചാത്തലം ഒരുപോലെയാണ്. അതുകൊണ്ട് പലകാര്യങ്ങളിലും ഞങ്ങള്‍ക്ക് ഒരുപോലെ ചിന്തിക്കാന്‍ കഴിയുന്നുണ്ട്. ഞങ്ങളുടെ തിരക്കഥകളില്‍ നര്‍മ്മമാണ് പൊതുവായുള്ളത്. പുതിയ പ്രോജക്റ്റുകള്‍ക്കായുള്ള തിരക്കഥകളുടെ കാര്യത്തിലും ഈ സമചിന്തകള്‍ വളരെ സഹായകരമാണ്. എല്ലാം ഞങ്ങള്‍ ഒരുമിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം, വരവേല്‍പ്പ്, തലയണമന്ത്രം, നരേന്ദ്രന് മകന് ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മുതലായ പടങ്ങളുടെ വിജയകാരണം ഈ യോജിപ്പാണ്.
സംവിധായകന് എന്ന നിലയിലെ നേട്ടം
എഴുപതുകളിലെ തീപ്പൊരി സുകുമാരന്‍ മുതല്‍, മമ്മൂട്ടിയും മകന് ദുല്‍ഖര്‍ സല്‍മാനും ജയറാമും മകന് കാളിദാസനും വരെയുള്ള നായകന്മാര്ക്കും, അറുപതുകളിലെ താരം ഷീല മുതല്‍ ഇന്നിന്റെ നാഡിമിടിപ്പ് അമലാ പോള്‍ വരെയുള്ള നായികമാര്‍ക്കും കാമറക്കുമുന്നില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാന്‍ സാധിച്ചു!
ഇനി ഗാനങ്ങളില്ലേ?
സിനിമാ രംഗത്ത് തുടക്കക്കാരനായിരുന്ന കാലത്താണ് കൂടുതല്‍ ഗാനങ്ങള്‍ രചിച്ചിട്ടുള്ളത്. അന്ന് എഴുത്തിന് കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുമായിരുന്നു. കാലത്തെ അതിജീവിച്ച് ഇന്നും എല്ലാവരും മൂളുന്ന ഒരു നിമിഷം തരൂ, നിന്നിലലിയാന്‍…, അല്ലെങ്കില്‍, ഓ, മൃദുലേ… മുതലായ ഗാനങ്ങളൊക്കെ അക്കാലങ്ങളിലാണ് എഴുതപ്പെട്ടത്. പത്തുപതിനെട്ടു സിനിമകള്‍ക്കു വേണ്ടി പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും സംവിധാനമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാട്ടെഴുത്തില്‍ ശ്രദ്ധിച്ചിരുന്ന കാലങ്ങളില്‍ ഞാന്‍ തനിയെ പടങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ടില്ല. സ്വതന്ത്രമായി ഞാന്‍ ചെയ്ത ആദ്യ പടം കുറുക്കന്റെ കല്യാണമാണ്. ഡോ. ബാലകൃഷ്ണന് രചിച്ച ഈ ഹാസ്യചിത്രം 1982-ലാണ് ഇറങ്ങിയത്. ‘സിന്ദൂര’ത്തിനുവേണ്ടി ‘ഒരു നിമിഷം തരൂ, നിന്നിലലിയാന്‍…’ എഴുതിയത് 1976-ല്‍ ആയിരുന്നു. എന്റെ തന്നെ പടമായ ‘തൂവല്‍ കൊട്ടാര’ത്തിനു വേണ്ടിയാണ് ഒടുവില്‍ ഗാനമെഴുതിയത്. ദാസേട്ടന് ആലപിച്ച ‘തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ…’ എന്നു തുടങ്ങുന്ന ഗാനം. 1996-ല്‍ ആയിരുന്നു അത്. ഇനി പാട്ടെഴുതുന്നില്ലെന്നു പറയുന്നില്ല. കൊറോണ ഒഴിഞ്ഞ് സര്‍ഗ്ഗശക്തിയുള്ളൊരു ചിന്താമണ്ഡലം തിരിച്ചു ലഭിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: