കല്‍പ്പറ്റ: വയോധികന് ദുരൂഹ സാഹചര്യത്തില്‍ തലക്കടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ പോലീസിന്റെ നിരീക്ഷണത്തില്‍. ചൂതുപാറ വിക്രംനഗര്‍ ഒഴാങ്കല്‍ ദാമോദര( 82)നെ വീടിനു സമീപമുള്ള ഷെഡില്‍ മരിച്ച നിലയില്‍ ബുധനാഴ്ച വൈകീട്ടാണ് കണ്ടെത്തിയത്.
ദാമോദരനും ഭാര്യ ലക്ഷ്മിക്കുട്ടിയും തമ്മില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് വഴക്കു കൂടിയിരുന്നുവെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ലക്ഷ്മിക്കുട്ടി വിളിച്ചു പറഞ്ഞതനുസരിച്ച് ഇവരെ മീനങ്ങാടി പോലീസ് എത്തി ബത്തേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പോലീസ് എത്തിയപ്പോള്‍ ദാമോദരനെ വീട്ടില്‍ കാണാനില്ലായിരുന്നു. പിന്നീട് സംശയം തോന്നി നാട്ടുകാര്‍ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ വീടിനടുത്ത് മരപ്പണി നടക്കുന്ന ഷെഡില്‍ തലക്കടിയേറ്റു മരിച്ചുകിടക്കുന്ന നിലയില്‍ ദാമോദരനെ കണ്ടെത്തുകയായിരുന്നു.
പട്ടികകഷണം കൊണ്ടുള്ള അടിയേറ്റാണ് ദാമോദരന്‍ മരിച്ചതെന്നു സംശയിക്കുന്നു. ഭാര്യയുമായുള്ള ഭിന്നതയെ തുടര്‍ന്ന് മകനോടൊപ്പം കാസര്‍കോഡാണ് ദാമോദരന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ ചൂതുപാറയിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ലക്ഷ്മിക്കുട്ടി ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മീനങ്ങാടി പോലീസ് പറഞ്ഞു.
ദാമോദരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്ക്കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷം തുടര്‍ നടപടികളിലേക്കു നീങ്ങുമെന്ന് മീനങ്ങാടി സിഐ എം. സനല്‍രാജ് പറഞ്ഞു. ബത്തേരി ഡിവൈഎസ്പി പ്രദീപ്കുമാര്‍, മീനങ്ങാടി സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: