നാഷണല്‍ ഡിഫന്‍സ് അക്കാഡമി (എന്‍ഡിഎ), നേവല്‍ അക്കാഡമി പരീക്ഷയിലൂടെ (1/2022) പ്രതിരോധ സേനയില്‍ ലഫ്റ്റനന്റ്/സബ് ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാന്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അവസരം. യുപിഎസ്സി ഏപ്രില്‍ 10 ന് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ 400 ഒഴിവുകളുണ്ട്.
അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. വിശദവിവരങ്ങളടങ്ങിയ 2022 ലെ ആദ്യ പരീക്ഷാ വിജ്ഞാപനം http://upsc.gov.in ല്നിനും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 11 നകം സമര്‍പ്പിക്കേണ്ടതാണ്. http://upsconline.nic.in ല്‍ ഇതിനുള്ള സൗകര്യമുണ്ട്.
എന്‍ഡിഎയുടെ ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങൡലേക്കുള്ള 149-ാമത് കോഴ്സിലേക്കും നേവല്‍ അക്കാഡമിയുടെ 11-ാമത് കോഴ്സിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായുള്ള പരിശീലനം 2023 ജനുവരിയിലാരംഭിക്കും. ആര്‍മിയില്‍ 10 വനിതകള്‍ ഉള്‍പ്പെടെ 208 പേര്‍ക്കും നേവിയില്‍ 3 വനിതകള്‍ ഉള്‍പ്പെടെ 42 പേര്‍ക്കും എയര്‍ഫോഴ്സില്‍ ഫ്ളൈയിംഗ് വിഭാഗത്തില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ക്കും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) വിഭാഗത്തില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 18 പേര്‍ക്കും നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കുമാണ് അവസരം. നേവല്‍ അക്കാഡമി 10+2 കേഡറ്റ് എന്‍ട്രി സ്കീമിലൂടെ 30 പുരുഷന്മാരെയാണ് തെരഞ്ഞെടുക്കുക.
യോഗ്യത: അപേക്ഷകര്‍ 2003 ജൂലൈ രണ്ടിന് മുമ്പോ 2006 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
എന്‍ഡിഎയുടെ ആര്‍മി വിംഗിലേക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരുന്നാല്‍ മതി. എന്നാല്‍ ഫയര്‍ ഫോഴ്സ്, നേവല്‍ വിങ്ങുകളിലേക്കും നേവല്‍ അക്കാഡമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2022 ഡിസംബര്‍ 24 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ/പരീക്ഷാ ഫീസ് 100 രൂപ. എസ്സി/എസ്ടി/വനിതകള്‍/ജെസിഒ/എന്‍സിഒമാരുടെ കുട്ടികള്‍ക്കും മറ്റും ഫീസില്ല. വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ക്രഡിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പരീക്ഷ: യുപിഎസ്സിയുടെ എന്‍ഡിഎ, നേവല്‍ അക്കാഡമി പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയില്‍ മാത്തമാറ്റിക്സില്‍ 300 മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ 600 മാര്‍ക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. രണ്ടര മണിക്കൂര്‍ വീതം അനുവദിക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, മൈസൂര്‍, ഗോവ, പുതുച്ചേരി, തിരുച്ചിറപ്പള്ളി, വെല്ലൂര്‍, വിശാഖപട്ടണം, തിരുപ്പതി, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവയും പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. ഇതിനു പുറമെ 900 മാര്‍ക്കിന്റെ എസ്എസ്ബി ടെസ്റ്റ്/ഇന്റര്വ്യുവുമുണ്ടാകും. ടെസ്റ്റുകളുടെ വിശദാംശങ്ങളും സെലക്ഷന് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമായിരിക്കും.
പരിശീലനകാലം കേഡുറ്റുകള്ക്ക് പ്രതിമാസം 56100 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ്/സബ് ലഫ്റ്റനന്റ്/ഫ്ളൈയിംഗ് ഓഫീസര്‍ പദവിയില്‍ 56100-1,77,500 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റവും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: