ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. മഹാരാഷ്ട്രയില്‍ 11 പേര്‍ക്കു കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 226 ആയി. 90 പേര് രോഗമുക്തരായി. 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദല്‍ഹിയും 54 കേസുകളുള്ള മഹാരാഷ്ട്രയുമാണ് മുമ്പില്‍.
അതേസമയം, ഒമിക്രോണ്‍ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധ നടപടികള്‍ ശക്തമാക്കുവാനും തയ്യാറെടുപ്പുകള്‍ നടത്തുവാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. രോഗ വ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യു, ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികളില്‍ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, വാഹനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയടക്കമുള്ള ക്രമീകരണങ്ങള്‍ വരുത്താനും നിര്‍ദേശത്തിലുണ്ട്.
ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ലഭ്യമാക്കണം, ഓക്സിജന്‍ ലഭ്യത, ആംബുലന്‍സ് സേവനം എന്നിവ ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നു. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: