ചണ്ഡീഗഢ്: മയക്കമരുന്ന് കേസില്‍ അകാലിദള്‍ നേതാവ് ബിക്രം സിങ് മജിതിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രതികാരമാണെന്ന് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
ഒരാളുടെ ഈഗോ സംതൃപ്തിപ്പെടുത്താന്‍ രാഷ്ട്രീയ നീക്കം നടത്തുകയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരെന്ന് ബിജെപി പഞ്ചാബ് അധ്യക്ഷന്‍ അശ്വിനി ശര്‍മ്മ കുറ്റപ്പെടുത്തി. കഴിഞ്ഞ നാലര വര്‍ഷമില്ലാതിരുന്ന കേസാണ് 2018ലെ മയക്കമരുന്ന് കടത്ത് ആരോപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പൊടിതട്ടിയെടുക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. അകാദിദള്‍ അധ്യക്ഷനും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ ബാദലി്ന്റെ സഹോദരനാണ് ബിക്രം സിങ് മജിതിയ. നേരത്തെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ അംഗമായിരുന്ന ശിരോമണി അകാലിദള്‍ കാര്‍ഷിക ബില്‍ പ്രശ്നത്തില്‍ മോദി സര്‍ക്കാരില്‍ നിന്നും വിട്ടുപോയിരുന്നു. ഹര്‍സിമ്രത് കൗര്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
2018ലെ മയക്കമരുന്ന് കേസ് കുത്തിപ്പൊക്കി അകാലിദള്‍ നേതാക്കളെ വേട്ടയാടാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. പഞ്ചാബ് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ബിക്രം മജിതിയ രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച മയക്കമരുന്ന് കേസില്‍ പഞ്ചാബ് പൊലീസ് ബിക്രം മജിതിയയ്ക്കെതിരെ കേസെടുത്തിരുന്നു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമം, 1985 പ്രകാരം 25,27എ, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സിന്തെറ്റിക് മയക്കമരുന്നുകള്‍ കടത്താന്‍ സര്‍ക്കാര്‍ വാഹനവും സുരക്ഷയും ഔദ്യോഗിക സംവിധാനവും മജിതിയ ദുരുപയോഗം ചെയ്തു എന്നതിന്റെ പേരിലാണ് കേസ്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ കള്ളക്കേസില്‍ കുടുക്കി അകാലിദളിനെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: