കൊല്ലം: തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് സ്വദേശി രാജീവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങളില്‍ നിലപാടു വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. തന്നെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജീവ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
ഹര്‍ജി പരിഗണിക്കവെ പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ച് ഹര്‍ജിക്കാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാത്തതിനെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്ന ഐ.ജിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ഹര്ജിക്കാരന് മര്‍ദ്ദനമേറ്റെന്ന വാദം നടക്കുമ്പോള്‍ സിസിടിവി ദൃശ്യങ്ങളില്ലെന്ന് അറിയിച്ച പോലീസ് ഇപ്പോള്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നങ്ങളാണിതെല്ലാം. സ്റ്റേഷനുകളിലെ സെല്ലുകളിലൊന്നും സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ല. ജനങ്ങള്‍ക്ക് സ്റ്റേഷനിലേക്ക് പോകാന്‍ ഭയമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്നിരുന്ന കാര്യങ്ങളാണ് ഇപ്പോഴും സ്റ്റേഷനില്‍ നടക്കുന്നത്. പരാതി പറയാനെത്തിയയാള്‍ പോലീസിനെ മര്‍ദ്ദിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇങ്ങനെ പറയാന്‍ ലജ്ജയില്ലേ ? കഴിഞ്ഞ ഫെബ്രുവരി നാലിന് നടന്ന സംഭവമാണ്. ഒരു വര്‍ഷത്തോളമാകുന്നു. ഇതുവരെ നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ കേസ് റദ്ദാക്കണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന ഐജിയുടെ റിപ്പോര്‍ട്ടിനെ സിംഗിള്‍ബെഞ്ച് വിമര്‍ശിച്ചു. ജനുവരി 14ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: