കരിമല വഴി പമ്പയിലേക്കുള്ള കാനന പാത തുറക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. കൊവിഡ് ഭീഷണി കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍വ്വ മേഖലയിലും സര്‍ക്കാര്‍ ഇളവുകള്‍ നല്കിയപ്പോഴും കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ അയ്യപ്പസേവാ സമാജം, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഹൈന്ദ സംഘടനകള്‍ ശക്തമായ പ്രതിഷേധങ്ങളാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ മലയാള മാസം ഒന്നിന് ഹൈന്ദവ സംഘടനകള്‍ വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ ശബരിമലയാത്ര ചെയ്യാന്‍ ശ്രമിച്ചത് പോലീസ് തടയുകയും ഹൈന്ദവ സംഘടനകളുമായി പോലീസ് അധിക്യതര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കരിമല വഴിയുള്ള കാനനപാത തുറക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന ഉറപ്പിന്മേലാണ് അന്ന് ഹൈന്ദവ സംഘടനകള്‍ സമരം അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാട് മാറ്റിയതോടെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍നടന്ന സമരങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ശബരിമല മണ്ഡല കാലത്തിന്റെ തുടക്കം മുതല്‍ സ്വാമി അയ്യപ്പന് റോഡ് വഴിയായിരുന്നു തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഹിന്ദു സംഘടനകളുടെ ആദ്യഘട്ട സമരത്തെ തുടര്‍ന്ന് നീലിമല പാതവഴി തീര്‍ത്ഥാടനം അനവദിച്ചിരുന്നു. പിന്നീടാണ് എരുമേലിയില്‍നിന്ന് കരിമല വഴിയുള്ള തീര്‍ത്ഥാടനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത്. രണ്ടുസമരങ്ങളും വിജയച്ചതിന്റെ സന്തോഷച്ചിലാണ് ഭക്തരും ഹിന്ദു സംഘടനകളും. ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമതീരുമാനമായത്.
എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ന് രാവിലെ 11ന് പമ്പയില്‍ നടക്കുന്ന അവലോകനയോഗത്തിന് ശേഷമായിരിക്കും പരിശോധന. മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി മാത്രമേ പാത സജ്ജമാവുകയുള്ളൂ. എരുമേലി മുതല്‍ പമ്പ വരെയുള്ള 61 കിലോമീറ്റര്‍ കാനന പാത ചുരുങ്ങിയ സമയത്തിനുള്ളില്‍ സജ്ജമാക്കാനാണ് ലക്ഷ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പദ്ധതി നടത്തിപ്പിന് രൂപരേഖ തയ്യാറാക്കിയത്.
തദ്ദേശ വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാകും കാനനപാത തെളിക്കുന്നത്. ഇവരുടെ യോഗം ഡിഎഫ്ഒ ഉടന്‍ വിളിച്ചുചേര്‍ക്കും. രണ്ട് വര്‍ഷമായി മനുഷ്യസാന്നിധ്യമില്ലാതെ കിടന്ന പാതയില്‍ ചിലയിടത്ത് മരങ്ങള്‍ വീണ് മാര്ഗ്ഗതടസ്സമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യും. പാതയില്‍ തീര്‍ത്ഥാടകര്‍ക്കായി എട്ട് വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കണം, രണ്ട് കാര്‍ഡിയാക് സെന്ററുകളും മൂന്ന് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പ സേവാസംഘം മൂന്ന് ഇടങ്ങളില്‍ അന്നദാനം നടത്തും.
വന്യമൃഗശല്യത്തിന് സാധ്യതയുള്ളതിനാല്‍ രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനം ഒരുക്കാനാണ് നീക്കം. പത്തനംതിട്ട കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വനം, ആരോഗ്യം, പോലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ബന്ധപ്പെട്ട വകുപ്പുകളുടെ സര്‍ക്കാര്‍തല യോഗവും ഉടന്‍ ചേരും. പാത തുറക്കുമ്പോഴും തീര്‍ഥാടകര്‍ സമയക്രമീകരണം പാലിക്കണം. രാത്രി വൈകി വനഭൂമിയിലൂടെ യാത്ര ചെയ്യും വിധത്തില്‍ തീര്‍ഥാടകരെ കടത്തിവിടില്ല. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. കാനന പാത തുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് ഭക്തരുടെ വിജയമാണെന്ന് അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: