ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ജപ്പാനോട് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോറ്റു. ഗ്രൂപ്പ് ഘട്ടത്തില്‍ ആധിപത്യത്തോടെ സെമിയിലേക്കെത്തിയ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയാണുണ്ടായത്.
കളിയുടെ തുടക്കം മുതല്‍ ഇന്ത്യന്‍ താരങ്ങളെ നിലയുറപ്പിക്കാതെ ജപ്പാന് പിടിമുറുക്കി. ആദ്യ മിനിറ്റില്‍ ആദ്യ ഗോള്‍. ഞെട്ടല്‍ മാറുന്നതിന് മുമ്പ് രണ്ടാം മിനിറ്റില്‍ വീണ്ടും ഗോള്‍. ജാപ്പനീസ് താരങ്ങള്‍ ആദ്യ ക്വാര്‍ട്ടറില്‍ പറന്നു കളിക്കുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ രണ്ടാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ച് പ്രതീക്ഷ കാത്തെങ്കിലും ആശ്വാസം അധികം നീണ്ടില്ല. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ ജപ്പാന് ലീഡ് ഉയര്‍ത്തി. സ്കോര്‍- 1:3.
മൂന്നാം ക്വാര്‍ട്ടറില്‍ നേരിയ പ്രതീക്ഷ പോലും ഇന്ത്യക്ക് ബാക്കിവയ്ക്കാതെ ജപ്പാന് മുന്നോട്ടുയര്‍ന്നു. 35-ാം മിനിറ്റില്‍ നാലാം ഗോള്‍. നാണക്കേടിലേക്ക് വീഴുമെന്ന് ഉറപ്പായ നിമിഷങ്ങളിലൂടെയാണ് ഇന്ത്യ മുന്നോട്ടുപോയത്. 41-ാം മിനിറ്റില്‍ അഞ്ചാം ഗോളും അടുച്ചുകയറ്റി ജപ്പാന് വിജയം ഉറപ്പിച്ചു. അവസാന മിനിറ്റുകളില്‍ ഇന്ത്യ കളി കടുപ്പിച്ചെങ്കിലും വിജയം നേടാനായില്ല. ആശ്വാസമായി 53-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി. അവസാന മിനിറ്റില്‍ ഹാര്‍ദിക്കും സ്കോര്‍ ചെയ്തതോടെ ഇന്ത്യന്‍ തോല്‍വി വന്‍ നാണക്കേടിലേക്ക് വീണില്ല.
വിജയത്തോടെ ജപ്പാനിത് മധുര പ്രതികാരമായി. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെതിരെ എതിരില്ലാത്ത ആറ് ഗോളുകളുടെ ജയം നേടിയ ഇന്ത്യക്ക് നിരാശയുടെ ടൂര്‍ണമെന്റ്. ഗ്രൂപ്പല്‍ നിന്ന് ഒന്നാമതായാണ് ഇന്ത്യ സെമിയിലെത്തിയത്. നാലാം സ്ഥാനക്കാരായാണ് ജപ്പാന് മുന്നേറിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: