ജയ്പുര്‍: തമിഴ്നാടിന് പിന്നാലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ഹിമാചല്‍ പ്രദേശ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഉത്തര്‍ പ്രദേശിനെ അഞ്ചുവിക്കറ്റിന് അട്ടിമറിച്ചാണ് ഹിമാചല്‍ അവസാന നാലിലെത്തിയത്.നാളെ നടക്കുന്ന മൂന്നും നാലും ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കേരളം സര്‍വീസസിനെയും സൗരാഷ്ട്ര വിദര്‍ഭയേയും നേരിടും.
കര്‍ണാടകയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 354 റണ്‍സാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക 11 ഓവര്‍ ബാക്കിനില്‍ക്കെ 203 റണ്‍സിന് എല്ലാവരും പുറത്തായി.
ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം 45.3 ഓവറില്‍ അഞ്ചുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹിമാചലും മറികടന്നു. സ്കോര്‍: ഉത്തര്‍ പ്രദേശ് 50 ഓവറില്‍ ഒന്‍പതിന് 207. ഹിമാചല്‍ പ്രദേശ് 45.3 ഓവറില്‍ അഞ്ചിന് 208. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഹിമാചല്‍ നായകന് ഋഷി ധവാന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഉത്തര്‍പ്രദേശിന്റെ പേരുകേട്ട ബാറ്റിങ് നിരയെ വെറും 207 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഹിമാചലിന് സാധിച്ചു. 76 റണ്‍സെടുത്ത റിങ്കു സിങ്ങും 46 റണ്‍സടിച്ച ഭുവനേശ്വര്‍ കുമാറുമാണ് ഉത്തര്‍പ്രദേശിന് വേണ്ടി പൊരുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: