റാന്നി: ഉപജീവനത്തിന് കൃഷിയെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ കാട്ടുപന്നികളുടെ ആക്രമണത്തെ തുടര്‍ന്ന് കണ്ണീരില്‍ പലരും കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഷ്ടപ്പെട്ട് കൃഷി ചെയ്ത കപ്പയും ചേനയും, കാച്ചിലും, ചേമ്പും വിളവെടുത്ത് കഴിയും മുമ്പേ പന്നിക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കുന്നു.
കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ കണ്ണീരിലാണ്. മഹാഭൂരിപക്ഷം കര്‍ഷകരും വേലികെട്ടി കൃഷി ഇറക്കിയിട്ടും അതും തകര്‍ത്തുകൊണ്ടുള്ള വിളയാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. റാന്നി മന്ദിരം അരക്കനാലിക്കല്‍ വിക്രമന്റെ രണ്ട് വര്‍ഷമായ 18 തെങ്ങുകളാണ് കഴിഞ്ഞ ദിവസം മൂടോടെ പറിച്ചെടുത്തത്. വാഴകളും നശിപ്പിച്ചു.
വേലികള്‍ തകര്‍ത്തും ആറടിവരെ കയ്യാല കയറി പന്നിക്കൂട്ടങ്ങള്‍ ഇപ്പോള്‍ നശിപ്പിക്കുന്ന കാഴ്ചയാണ്കാണാന് കഴിയുന്നത്. കര്‍ഷകര്‍ കാത്തിരുന്നു പന്നിയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ കര്‍ഷകനെ തിരികെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. കൃഷിയിടങ്ങളില്‍ പകല്‍ സമയങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ജനങ്ങളും, കൃഷിക്കാരും ഭീതിയിലാണ് കഴിയുന്നത്.
പന്നിക്കൂട്ടത്തെ വെടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാലും ആ സമയങ്ങളില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ അതും പരാജയപ്പെടുകയാണ്. കര്‍ഷകര്‍ക്ക് ഇവയെ നശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കില്‍ മാത്രമേ കാട്ടുമൃഗങ്ങളുടെ നാട്ടിലെ ഭീകരവാഴ്ചയ്ക്ക് അറുതി വരുത്തുവാന്‍ സാധിക്കുകയുള്ളു.ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകആത്മഹത്യക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: