അനുപമ ടി.സി
വനിതാ ശാക്തീകരണത്തില്‍ ഭാരതം മാറ്റത്തിന്റെ പാതയിലാണ്. യുദ്ധമുഖത്തേക്കടക്കം വനിതകള്‍ കടന്നു ചെന്ന് ശത്രുനിഗ്രഹത്തിന് ചുക്കാന്‍ പിടിക്കുന്ന നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയുടെ ഖജനാവ് നിയന്ത്രിക്കുന്നതും ഒരു വനിതയാണ്. നിര്‍മല സീതാരാമന്… കൊറോണയെന്ന മഹാമാരി ലോകത്തിലെ സാമ്പത്തിക ശക്തികളെ തകര്‍ത്തപ്പോഴും ഇന്ത്യ തലഉയര്‍ത്തി നില്‍ക്കുന്നത് ഈ നാരീശക്തിയിലാണ്. അങ്ങനെ എല്ലായിടത്തും വനിതകള്‍ വെന്നിക്കൊടി പാറിപ്പിക്കുമ്പോഴാണ് കേരളത്തില്‍ ഒരു യൂണിഫോം സമരം നടക്കുന്നത്.
കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. അത് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മതത്തില്‍ നിന്നുമാണ്. സമൂഹത്തിന്റെയും കുടംബത്തിന്റെയും നിയന്ത്രണങ്ങള്‍ അയഞ്ഞുതുടങ്ങിയപ്പോള് മത നിയന്ത്രണം കഴുത്തില്‍ കുരുക്ക് മുറുക്കുകയാണ്. പക്ഷേ, അത് ഒരു മതത്തിലെ പെണ്‍കുട്ടികളെ മാത്രമല്ല, എല്ലാ പെണ്‍കുട്ടികളെ ബാധിക്കുന്ന വിഷയമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നത് അതാണ്.
സ്കൂളിലെ ലിംഗ നിഷ്പക്ഷ യൂണിഫോമിനെ അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ പറയുന്ന പോലെ അതൊരു വലിയ നവോത്ഥാന മാറ്റമാണോയെന്ന് ചിന്തിക്കേണ്ടേ? ‘പാന്റും, ഷര്‍ട്ടും’ പെണ്‍കുട്ടികളുടെ സൗകര്യപ്രദമായ ഇഷ്ട വസ്ത്രമായി മാറിയിട്ട് കാലം ഒരുപാടായി. മലപ്പുറത്തെ യൂണിറ്റി വിമന്‍സ് കോളേജ് അടക്കമുള്ള ടെക്നിക്കല്‍, പ്രൊഫഷണല്‍ കോളേജുകളില്‍ ഇത്തരത്തില്‍ ലിംഗ നിഷ്പക്ഷ യൂണിഫോം തന്നെയാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരു പോലെ വസ്ത്രം ധരിക്കുകയെന്നതോ, അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ സ്വതം നഷ്ടപെടുകയെന്നുള്ളതോയല്ല ഇവിടെ പ്രവര്ത്തികമാവുന്നത്.
കാലങ്ങളായി പുരുഷമേധാവിത്തിലുള്ള ഒരു സമൂഹം സൃഷ്ടിച്ചെടുത്ത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് വസ്ത്രങ്ങളുടെ ചട്ടക്കൂട് ഉപേക്ഷിച്ചു പെണ്‍കുട്ടികള്‍ സൗകര്യപ്രദമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയെന്ന അടിസ്ഥാന സ്വാതന്ത്ര്യമാണ്. ബാലുശ്ശേരി സ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് മേല്‍ ഈ ആശയം അടിച്ചേല്പിച്ചിട്ടില്ല, മറിച്ച് അവര്‍ക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് യൂണിഫോമില്‍ വ്യത്യാസം വരുത്താമെന്നത് തന്നെ ഈ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍, അതിനെതിരെയുള്ള മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയെന്ന പേരില്‍ നടത്തുന്ന പ്രധിഷേധവും, ‘ലോക അവസാനം അടുത്തു’ എന്ന രീതിയിലുള്ള പ്രചാരണങ്ങളും തികച്ചും പ്രകൃതവും, അപഹാസ്യവുമാണ്.
ഇവിടെ യഥാര്‍ത്ഥത്തില്‍ ലിംഗ നിഷ്പക്ഷതയും, സമത്വത്തവും, സ്ത്രീ സുരക്ഷയും നടപ്പിലാവണമെങ്കില്‍ വസ്ത്ര സമത്വം എന്നതിലുപരി പെണ്‍കുട്ടികള്‍ നിയന്ത്രിക്കപ്പെടേണ്ടവളാണെന്നുള്ള ചിന്താഗതിയാണ് മാറേണ്ടത്. ഇത്തരത്തിലുള്ള സംഘടനകളുടെയും, എംഎസ്എഫ് പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനയുടെയും പിന്തിരിപ്പന് മനോഭാവവും ചൂണ്ടിക്കാണിക്കുന്നത് അതാണ്. പെണ്‍കുട്ടികള്‍ ഈ സമൂഹം സൃഷ്ടിച്ചെടുത്ത സദാചാര ചട്ടക്കൂടുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ ഒതുങ്ങണമെന്ന ചിന്താഗതി പാകപ്പെടുത്തുകയെന്നതാണ് ഈ പ്രതിഷേധങ്ങളുടെയൊക്കെ ആത്യന്തിക ലക്ഷ്യം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമൂഹ സദാചാരത്തിന്റെ രണ്ടു പാതകളിലൂടെ നടക്കേണ്ടവരല്ല. അവരും താല്പര്യങ്ങളും, ഇഷ്ടാനിഷ്ടങ്ങളും ഉള്ള വ്യക്തികളാണ്. ഈ എകീകൃത യൂണിഫോം കൊണ്ട് സ്ത്രീ നവോത്ഥാനം ഉണ്ടാവുകയോ, ലിംഗ പക്ഷാഭേദം ഇല്ലാതാവുകയോയില്ല. എന്നിരുന്നാലും ആ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണിത്. സ്ത്രീ എന്ന സങ്കല്പത്തിന്റെ മാറുന്ന ചിന്താഗതിയാണ് ബാലുശേരി സ്കൂളിലെ ഈ മാറ്റമെന്നും പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: