മുംബൈ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍കഴിയവെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കുടുംബത്തിന് ഒരു കോടിരൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പ്രഖ്യാപനം നടത്തിയത്.
വരുണ്‍ സിംഗിന്റെ മൃതദേഹം വസതിയില്‍ എത്തിച്ചു. പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്കരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയ വരുണ്‍ സിങ്ങിനെ ആദ്യം കോയമ്പത്തൂര്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തില്‍ വരുണ്‍ സിങ് മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടാവുകയും ചെയ്തിരുന്നു.
ഇതോടെ അപകടത്തില്‍ 80-85 ശതമാനം വരെ പൊള്ളലേറ്റ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് നേരിയ പ്രതീക്ഷയും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദേഹത്തിന് ചര്‍മ്മം മാറ്റിവെയ്ക്കല്‍ ചികിത്സ ഉള്‍പ്പടെ നടത്താനായി തീരുമാനിച്ചിരിക്കവേയാണ്. അദ്ദേഹത്തെ ഇപ്പോള്‍ മരണം കവരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനായി രാജ്യവും പ്രാര്‍ത്ഥനയിലായിരുന്നു. ഇതോടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരണത്തിന് കീഴടങ്ങി.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലായിരുന്നു വരുണ്‍ സിങ്ങിന്റെ ജനനം. ആര്‍മി എയര്‍ ഡിഫന്‍സ് റെജിമെന്റിന്റെ ഭാഗമായിരുന്ന റിട്ട. കേണല്‍ കെ.പി.സിങ്ങായിരുന്നു പിതാവ്. വരുണ്‍ സിങ്ങിന്റെ സഹോദരന് തനൂജ് സിങ് ഇന്ത്യന്‍ നാവിക സേനയില്‍ ലഫ്റ്റനന്റ് കമാന്‍ഡറാണ്.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്കി ആദരിച്ച വ്യക്തികൂടിയാണ് വരുണ്‍സിങ്. 2020ല്‍ ഒരു അടിയന്തര സാഹചര്യത്തില്‍ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനായിരുന്നു ഇത്. ബെംഗളൂരുവില്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്നു വരുണ്‍ സിങ്. സ്വന്തം ജീവന് പണയപ്പെടുത്തിയാണ് അടിയന്തിര സാഹചര്യത്തില്‍ അദ്ദേഹം തേജസ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയത്. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ലെയ്സണ്‍ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അനുഗമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: