ന്യൂദല്‍ഹി: പെണ്‍ക്കുട്ടികളുടെ വിവാഹത്തിന്റെ കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 വയസ്സ് ആക്കാന്‍ കേന്ദ്ര മന്ത്രിസഭയോഗത്തില്‍ അംഗീകാരം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് പുതിയ തീരുമാനം. സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും സ്ത്രീശാക്തീകരണത്തിനും ജയ ജയ്റ്റ്ലി അധ്യക്ഷയായ കര്‍മ സമിതി നല്കിയ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നജ്മ അക്തര്‍, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോള്‍, ആരോഗ്യ, വനിതാ-ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ, സ്കൂള്‍ വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാര്‍ തുടങ്ങിയവരും ഉള്‍പ്പെട്ട സമിതിയെ 2020 ജൂണില്‍ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: