കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ. വി. കുഞ്ഞിരാമന് കോടതിയില്‍ ഹാജരായില്ല. ഇയാളെ കൂടാതെ കേസിലെ മൂന്ന് പ്രതികള്‍ കൂടി ഇന്ന് കോടതിയില്‍ ഹാജരായില്ല. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചത് വളരെ വൈകിയാണ്. അതിനാല്‍ മറ്റൊരു ദിവസം ഹാജരാകാന്‍ അനുമതി നല്‍കണമെന്നും കുഞ്ഞിരാമന് അഭിഭാഷകന് മുഖേന അറിയിച്ചിട്ടുണ്ട്. സിപിഎം നേതാക്കളായ കെ.വി. ഭാസ്കരന്, ഗോപന് വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരും ഇന്ന് കോടതിയില്‍ ഹാജരായിട്ടില്ല.
അതേസമയം ജാമ്യത്തിലിറങ്ങിയ കേസിലെ മൂന്ന് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. ഇവരുടെ ജാമ്യ കാലാവധിയും ഹൈക്കോടതി നീട്ടി നല്കി. കേസ് വീണ്ടും 29ന് വീണ്ടും പരിഗണിക്കും. രാഘവന് വെളുത്തോളി, ഇപ്പോള്‍ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്, മണി എന്നിവരാണ് നേരിട്ട് ഹാജരായത്. രാഘവന് വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലില്‍ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായി. കേസ് 29ന് വീണ്ടും പരിഗണിക്കും.
ഈ മാസം 3നാണ് പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 24 പ്രതികളാണുള്ളത്. ഇതില്‍ 19 പേര് അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ സന്ദീപ് ഇപ്പോള്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: