ന്യൂദല്‍ഹി : ഹിന്ദു മത വികാരങ്ങളെ വ്രണപ്പെടുത്തി അഗതി മന്ദിരത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കിയതായെന്ന പരാതിയില്‍ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസെടുത്തു. വഡോദര മകര്‍പ്പുരയില്‍ മദര്‍ തരേസ സ്ഥാപിച്ച സ്ഥാപനത്തിനെതിരെയാണ് ഗുജറാത്ത് പോലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ സാമൂഹിക സുരക്ഷാ ഓഫീസര്‍ മായങ്ക് ത്രിവേദി കഴിഞ്ഞാഴ്ച ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാപനത്തിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത് പോലീസിന് കൈമാറുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയുമായിരുന്നു.
മിഷണറീസ് ഓഫ് ചാരിറ്റിയില്‍ താമസിക്കുന്ന മറ്റ് മതക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മത ഗ്രന്ഥങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് ഇവരെ മതപരിവര്‍ത്തനം നടത്തുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10നും ഡിസംബര്‍ ഒമ്പതിനുമിടയിലാണ് ഇവരെ മത പരിവര്‍ത്തനത്തിന് വിധേയരാക്കിയിരിക്കുന്നത്.
മത വികാരങ്ങളെ വ്രണപ്പെടുത്തല്‍, നിര്‍ബന്ധിച്ച് മത പരിവര്‍ത്തനത്തിന് വിധേയമാക്കല്‍ എന്നീ കുറ്റങ്ങളാണ് മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹിക സുരക്ഷാ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ അഗതി മന്ദിരത്തിലെ ലൈബ്രറിയില്‍ നിന്നും ബൈബിളിന്റെ 13 കോപ്പി കണ്ടെത്തിയിട്ടണ്ട്.
കൂടാതെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന യുവതികളെ ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും ഗുജറാത്ത് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇതില്‍ ഒരു പെണ്‍കുട്ടി കളക്ടറുടെ അനുമതിയില്ലാതെ മതം മാറിയെന്നത് വ്യക്തമായിട്ടുണ്ടെന്നും പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
അതേസംയം അഗതി മന്ദിരത്തിനെതിരെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം സ്ഥാപന മേധാവി സിസ്റ്റര്‍ റോസ് തേരേസ നിഷേധിച്ചു. ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: