പൊതുരംഗത്ത്, പ്രത്യേകിച്ചും രാഷ്ട്രീയ രംഗത്ത് ഒക്കെ ചില മര്യാദകള്‍ പാലിക്കണം എന്ന് പറയാറുണ്ട്. ഒരാള്‍ മരിച്ചാല്‍, ഒരാള്‍ക്ക് അപകടം ഉണ്ടായാലൊക്കെ അയാളെ അല്ലെങ്കില്‍ ആ സംഭവത്തെ അവമതിപ്പോടെ കാണുകയോ അപരിഷ്കൃതമായി അഭിസംബോധന ചെയ്യാനോ പാടില്ല എന്നതും അതിന്റെ ഭാഗമാണ്. ധീര ജവാന്മാര് വീരമൃത്യു വരിച്ചാല്‍ ഒരു നാട് സ്വീകരിക്കുന്ന സമീപനവും അതിനൊപ്പമുണ്ട്. എന്നാല്‍ അതൊക്കെ പലപ്പോഴും പാലിക്കപ്പെടാറില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറെ വര്‍ഷമായി, സര്‍വ പരിധികളും ലംഘിക്കുന്ന, നിരവധി സംഭവങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ‘മരണത്തിന്റെ വ്യാപാരി’ എന്ന് ഒരിക്കല്‍ വിളിച്ചുകൂവിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. അതും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍. അന്ന് അവര്‍ ലക്ഷ്യമിട്ടത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയാണ്. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തുള്ള വ്യക്തി ഇതിനൊക്കെ തയ്യാറായത് ചരിത്രമാണ് എന്നര്‍ത്ഥം. അപ്പോള്‍ അവരുടെ അനുയായികള്‍ ഏതറ്റം വരെ പോയാലും എന്താണ് പറയാനാവുക. ഇപ്പോള്‍ ഈ ചിന്ത ഉയരാന്‍ കാരണം കൂനൂരില്‍ ഉണ്ടായ ദുഃഖകരമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നമ്മുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും പത്നിയും ധീര ജവാന്മാരും അടക്കം 13 പേര് വീരമൃത്യു വരിച്ചതിനോട് ചിലര്‍ നടത്തിയ ക്രൂരമായ പ്രതികരണങ്ങളാണ്. അതില്‍ ഇന്ത്യക്ക് പുറത്തുള്ളവരുണ്ട്, ഇവിടെയുള്ളവരുമുണ്ട്. രാജ്യത്തോട് എന്തെങ്കിലും പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന് ചിന്തിക്കാനാവാത്തതാണ് ഇക്കൂട്ടര്‍ ചെയ്തുകൂട്ടിയത്.
ബിപിന്‍ റാവത്ത് എന്ന കരുത്തന്
ബിപിന്‍ റാവത്തിനെക്കുറിച്ച് ഒരു വിശദീകരണം ഇനി ആവശ്യമില്ലെന്നറിയാം. നമ്മുടെ ആദ്യ സിഡിഎസ് എന്നതിനപ്പുറം ചില കാര്യങ്ങളുണ്ട്; അത് വിലയിരുത്തപ്പെട്ടതാകാമെങ്കിലും ഒന്നുകൂടി സ്മരിച്ചേ തീരൂ. അതിലൊന്ന്, ഭീകരവാദത്തിനെതിരെ പ്രൊ-ആക്ടീവ് ആയ സമീപനം കൈക്കൊള്ളുകയും ദേശവിരുദ്ധ ശക്തികള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കാണിച്ചുകൊടുക്കുകയും ചെയ്ത പട്ടാള മേധാവി എന്നതാണ്. കശ്മീര്‍ ഇന്ന് സമാധാനത്തോട് ചേര്‍ന്ന് നില്ക്കുന്നുവെങ്കില് അതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന്റെ വിജയമുണ്ട്. അതിനൊപ്പം ആ നയം യഥാവിധി നടപ്പിലാക്കിയ പട്ടാള മേധാവി എന്ന സ്ഥാനം ജനറല്‍ റാവത്തിനുള്ളതാണ്. രണ്ടാമത്തേത്, അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഇന്ത്യ ദോക്ലാമിലും ലഡാക്കിലും ശത്രുസേനയെ തുരത്തിയത്. രാജ്യം നടത്തിയ മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ക്ക് പിന്നിലെ ആസൂത്രണവും അദ്ദേഹം തന്നെ. അവിടെയൊക്കെ മുന്നില്‍ നിന്നെന്നവണ്ണം നയിക്കാനും രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
യുപിഎയുടെ കാലത്ത് സൈനികരും പ്രതിരോധ വിഭാഗവും പൂര്‍ണമായി അവഗണിക്കപ്പെട്ടിരുന്നു. അവര്‍ക്കാവശ്യമുള്ള ആധുനിക ആയുധങ്ങള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ ആവശ്യാനുസരണം വാങ്ങാന്‍ അനുമതി നല്‍കിയത് മോദി സര്‍ക്കാരാണ്; അതൊക്കെ സമ്പാദിക്കാന്‍ ജനറല്‍ റാവത്ത് കാണിച്ച ജാഗ്രതയും ശ്രദ്ധേയമാണ്. ഇസ്രായേലില്‍ നിന്നും ലേസര്‍ ബോംബുകള്‍, റഷ്യയില്‍ നിന്ന് എസ് -400 മിസൈല്‍ സിസ്റ്റം, ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍…… ഇതിനെല്ലാമപ്പുറം അതിര്‍ത്തിയില്‍ ഇത്രയേറെ അടിസ്ഥാന സൗകര്യ വികസനം നടപ്പായ കാലഘട്ടം വേറെ ഉണ്ടാവില്ല; റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ഹെലിപ്പാഡുകള്…. മറ്റൊന്ന്, ഈ കാലയളവില്‍ പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ത്തയില്ലാത്ത ഒരു ആഴ്ച പിന്നിട്ടിട്ടുണ്ടോ, സംശയമാണ്. ആയുധം വാങ്ങുന്നതാവാം, കരാര്‍ ഉണ്ടാക്കിയതാവാം, നയപരമായ കാര്യങ്ങളാവാം. അത്രക്ക് ചടുലമായിരുന്നു പ്രതിരോധ രംഗം. മോദി സര്‍ക്കാരിന്റെ ദേശതാല്പര്യത്തോടെയുള്ള പ്രതിരോധ നിലപാടുകള്‍ക്ക് അനുസൃതമായി ചിന്തിച്ച പട്ടാള മേധാവി എന്നര്‍ത്ഥം. ഇപ്പോള്‍ ഇന്ത്യന്‍ പ്രതിരോധ സേനയില്‍ തിയറ്റര്‍ കമാന്‍ഡ് നിലവില്‍ വരികയാണ്. നരേന്ദ്രമോദിയുടെ ചിന്തയിലുണര്‍ന്ന പദ്ധതിയെങ്കിലും അത് നടപ്പാക്കാനായത് ജനറല്‍ റാവത്തിന്റെ കൈകളിലൂടെയാണ്.
ജനറല്‍ റാവത്ത് വീരമൃത്യു വരിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ ഞെട്ടിത്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള സൈനിക വാഹനം എംആര്‍സി വെല്ലിങ്ടണില്‍ നിന്നിറങ്ങിയപ്പോള്‍ തമിഴ്നാട്ടിലെ അനവധി പ്രദേശങ്ങളില്‍ റോഡിനിരുപുറവും കൂടിനിന്ന ജനത ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിച്ചത് പലരും ശ്രദ്ധിച്ചിരിക്കും. അത് തമിഴ്നാട്ടില്‍ അസാധാരണ കാഴ്ചയായിരുന്നു എന്ന് അവിടുത്തെ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. ചിലയിടങ്ങളില്‍ ഹര്‍ത്താലും ആചരിച്ചു. തങ്ങള്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരു സൈനിക മേധാവിക്ക് ലഭിച്ച ആദരം.
വെള്ളിയാഴ്ച വൈകിട്ട് സൈനിക വാഹനത്തില്‍ ദല്‍ഹിയിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തിലേക്ക് ജനറല്‍ റാവത്തിന്റെ മൃതദേഹം വിലാപയാത്രയായി നീങ്ങുമ്പോള്‍ റോഡിനിരുപുറവും നിന്ന് ‘ഭാരത് മാതാ കി ജയ്’; ‘ജബ് തക് സൂരജ് ചാന്ദ് രഹേഗാ തബ് തക് ബിപിന്‍ ജി കാ നാം രഹേഗാ…’ എന്ന് വിളിച്ചുപറഞ്ഞവരെ മറക്കാനാവുമോ. സാധാരണക്കാരായ ദല്‍ഹി നിവാസികള്‍, വിദ്യാര്‍ഥികള്‍ ഒക്കെയാണവര്‍. ജമ്മു കശ്മീര്‍ താഴ്വരയിലെ സ്കൂളുകളില്‍ മെഴുകുതിരി കത്തിച്ചാണ് വിദ്യാര്‍ഥികള്‍ സംയുക്ത സൈനിക മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. കേരളത്തില്‍ എത്രയോ ഗ്രാമങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു. ഒരു സൈനിക മേധാവിക്കും ഇതുപോലെ ഒരു ആദരവ് രാജ്യമെമ്പാടും മുന്‍പ് കിട്ടിയിട്ടുണ്ടാവില്ല.
അസഹിഷ്ണുതയും ദുഷ്ട ബുദ്ധികളും
ദേശാഭിമാനവും ദേശസ്നേഹവുമൊക്കെ കുറച്ചിലാണെന്ന് കരുതുന്ന ഒരു വിഭാഗം ഏത് കാലത്തും ഏത് രാജ്യത്തുമുണ്ടായിട്ടുണ്ട്. നന്മ കാണാനാവാത്ത വിഭാഗം. അതിര്‍ത്തിയില്‍ സൈനികര്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും ദേശവിരുദ്ധ ചിന്ത മനസിലേറ്റുകയും പരസ്യമാക്കുകയും ചെയ്യുന്നവരുമുണ്ട്. കൂനൂ
ര്‍ സംഭവമുണ്ടായപ്പോള്‍ പ്രതികരണവുമായി ആദ്യമെത്തിയത് കുറെ പാകിസ്ഥാന് ട്വിറ്റര്‍ ഹാന്‍ഡിലുകളാണ്. അവര്‍ ഇന്ത്യയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. ‘തമിഴ് ഭീകരര്‍ ഇന്ത്യന്‍ പട്ടാളമേധാവിയുടെ വിമാനം വെടിവച്ചിട്ടു’ എന്ന് ഒരെണ്ണം കുറിച്ചപ്പോള്‍ തമിഴ് ലിബറേഷന്‍ ആര്‍മി സമാനമായ പ്രസ്താവന പു
റത്തിറക്കിയിട്ടുണ്ട് എന്ന് പറഞ്ഞതും മറ്റൊരു പാക് ഹാന്‍ഡിലാണ്. തമിഴ് ഗ്രൂപ്പുകളാണ് അതിന് പിന്നിലെന്ന പ്രചാരണവും നടന്നു. അതിനുശേഷം അനവധി മുസ്ലിം യുവാക്കള്‍ ഈ ദാരുണ സംഭവത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചതും സമൂഹ മാധ്യമങ്ങളില്‍ കണ്ടു. കേരളവും അതില്‍ പിന്നാക്കം പോയില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷക തരംതാണ ആക്ഷേപങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും വിവാദമായി. ഇത്തരം രാജ്യവിരുദ്ധ ശക്തികളെ ഭരണകൂടം തീറ്റിപ്പോറ്റണോ എന്നത് പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്.
അത്തരക്കാര്‍ക്കെതിരെ നിയമമനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറായിട്ടുമുണ്ട്. യുപിയും ഗുജറാത്തുമാണ് അതിന് തുടക്കമിട്ടത്; പിന്നീട് ദാരുണ അപകടം നടന്ന തമിഴ്നാടും അതിനുത്തരവിട്ടതായി കണ്ടു. തീര്‍ച്ചയായും നല്ല നീക്കങ്ങളാണിതെല്ലാം. കേരളത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുമ്പ് നടപടിയെടുത്തിട്ടുണ്ട്. എന്നാലിവിടെ ഒരു സൈനിക മേധാവിയെ, അതും അദ്ദേഹം വീരമൃത്യുവരിച്ച വേളയില്‍, ഇകഴ്ത്തി സംസാരിക്കുക, അപമാനിക്കുക ഒക്കെ ചെയ്താല്‍ കണ്ടില്ലെന്ന് നടിക്കാനാവുമോ; അങ്ങനെ ചെയ്യുന്നത് സ്വന്തം പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ് എങ്കില്‍ മുഖ്യമന്ത്രിക്ക് ചുമതല കൂടുകയല്ലേ?.
നേരത്തെ, സോണിയ നടത്തിയ പ്രസ്താവന സൂചിപ്പിച്ചുവല്ലോ. ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായത് ആ വികല പ്രസ്താവനയാണ്. അന്ന് ഗുജറാത്തികള്‍ നരേന്ദ്ര മോദിക്കൊപ്പം അണിനിരന്നു. വേറൊരു കാര്യം കൂടി മനസ്സിലോടിയെത്തുന്നു. 1985-ലാണ് എന്നാണോര്‍മ്മ. രാംജെത് മലാനി എന്ന പ്രഗത്ഭ അഭിഭാഷകന് അന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായിരുന്നു. എല്‍.കെ. അദ്വാനിയാണ് പാര്‍ട്ടി പ്രസിഡന്റ്. ഇന്ദിരാഗാന്ധി വധക്കേസിലെ ചില പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവാന്‍ ജെത് മലാനി തീരുമാനിച്ചു. പണമൊന്നും വാങ്ങാതെയാണ് അതിനദ്ദേഹം അന്ന് മുതിര്‍ന്നത്. പക്ഷെ അന്ന് ബിജെപി രാംജെത് മലാനിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. താന്‍ വക്കീലാണ് എന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് എന്നും അതുകൊണ്ട് ഏത് കേസ് വാദിക്കുന്നതും തന്റെ പ്രൊഫഷണല്‍ എത്തിക്സിന്റെ പ്രശ്നമാണ് എന്നുമൊക്കെ അദ്ദേഹം പാര്‍ട്ടി ഫോറത്തില്‍ വാദിച്ചു നോക്കി. പാര്‍ട്ടി പറഞ്ഞു, ‘നിങ്ങള്‍ക്ക് ഇന്ദിരാ വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ പോകാം; പക്ഷെ, പാര്‍ട്ടി പദവികള്‍ രാജിവച്ചോളൂ’ എന്ന്. അതാണ് ബിജെപിയുടെ രാജനൈതിക സങ്കല്പം, അതാണ് മോദിയുടെ പാര്‍ട്ടിയുടെ നിലപാടുകള്‍. ഇന്നിപ്പോള്‍ നടത്തിയത് പോലുള്ള ചില ദേശവിരുദ്ധ പ്രസ്താവന ഏതെങ്കിലും ബിജെപിക്കാരന് നടത്തിയാല്‍ അവരാരും പാര്‍ട്ടിയിലുണ്ടാവില്ല. അവര്‍ക്ക് സ്ഥാനം ജയിലായിരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: