മധ്യപ്രദേശ്: കോവിഡ് മൂലം മരിച്ച 78 കാരന് രണ്ടാം ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് നല്കി അധികാരികള്‍. നേരത്തെയും ഇയാളുടെ ഫോണില്‍ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സന്ദേശവും ഇവര്‍ അയച്ചിരുന്നു.
മധ്യപ്രദേശിലെ റായ്ഗട്ടിലാണ് സംഭവം. ബിയോറ ടൗണില്‍ നിന്നുള്ള മരിച്ച 78 കാരന് ഡിസംബര്‍ മൂന്നിനാണ് സന്ദേശം ലഭിച്ചതെന്ന് മകന് ഫൂല് സിംഗ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മാസം തന്റെ പിതാവ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. അതിനുശേഷം കോവിഡ് ബാധിച്ച് ചികിത്സയിലിക്കെ മെയ് 24 ന് അദ്ദേഹം മരിച്ചു. ഇതിനു പിന്നാലെയാണ് അധികൃതര്‍ കോവിഡ് വാക്സിന് പൂര്‍ത്തിയാക്കിയെന്നുള്ള സര്‍ട്ടിഫിക്കറ്റും അയക്കുന്നത്. കുടുംബത്തിന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിച്ചുണ്ട്.
സംഭവം പുറത്തായതോടെ കമ്പ്യൂട്ടറിന് വന്ന തകരാറാണ് കാരണമെന്ന് അധികൃതര്‍. കമ്പ്യൂട്ടര്‍ സ്വയം ഇത്തരമൊരു സന്ദേശം ജനറേറ്റ് ചെയ്ത് അയച്ചിരിക്കാമെന്നും ജില്ലാ വാക്സിനേഷന് ഓഫീസര്‍ ഡോ.പി.എല്‍.ഭഗോറി പറഞ്ഞു. അതല്ലാതെ എന്‍ട്രി ചെയ്യുമ്പോള്‍ മറ്റാരെങ്കിലും തെറ്റായ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കാമെന്നും, ഉടന്‍ തെറ്റ് തിരുത്തുമെന്നും ഉദ്യോഗസ്ഥന് അറിയിച്ചു.
അതേസമയം, വാക്സിനേഷനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാമചന്ദ്ര ഡാംഗി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ അവകാശവാദം തുറന്നുകാട്ടുന്നതാണെന്നും ഈ കേസുകളിലെല്ലാം ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: