തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളിലും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 166 പേര്‍ക്ക് പിഴ ചുമത്തി.
മരുന്നുകളുടെയും, മെഡിക്കല്‍ ഉപകരണങ്ങളുടെയും വില്‍പ്പനയില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംസ്ഥാന വ്യാപകമായി നടത്തിയ 339 ടെസ്റ്റ് പര്‍ച്ചേസുകളിലാണ് ബില്ല് നല്‍കാതെ കച്ചവടം നടത്തിയ 166 കേസുകള്‍ പിടികൂടിയത്. ബില്ല് നല്‍കാതെ കച്ചവടം നടത്തിയ വ്യാപാരികള്‍ക്ക് 20,000 രൂപ വീതം പിഴ ചുമത്തി. 166 കേസുകളില്‍ നിന്ന് 33.2 ലക്ഷം രൂപ പിഴയായി ഈടാക്കി.
ബില്ല് നല്കാതെയുള്ള വില്‍പ്പന, പരമാവധി വില്‍പ്പന വിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണങ്ങള്‍, പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നീ ഉത്പന്നങ്ങളുടെ വിപണനത്തിലാണ് കൂടുതല്‍ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയത്.
വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: