കോവളം: അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വളര്‍ച്ചയിലും വികസനത്തിലും നവീകരണത്തിലും കോവളത്തിന്റെ ഗ്രാഫ് താഴേയ്ക്ക്. മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍ എന്നീ സവിശേഷതകള്‍ കോവളത്തിന് മാത്രമാണുള്ളത്. ഒരുമാസം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയും പൊളിഞ്ഞതോടെ ഇവിടെ വീണ മൂന്നുപേര്‍ക്ക് കാലിന് പരിക്കേറ്റു. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയെക്കുറിച്ച് അന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ടൂറിസം മന്ത്രി മുഹമ്മദ്റിയാസ് നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കി. മന്ത്രിയുടെ ഉറപ്പിന്മേല് ലക്ഷങ്ങള്‍ മുടക്കി ഒരു മാസം മുന്‍പ് ലൈറ്റ് ഹൗസിന് സമീപം അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയാണ് വീണ്ടും തകര്‍ന്നത്.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നു പോകുന്നുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. എന്നാല്‍ സഞ്ചാരികളുടെ സുരക്ഷയ്ക്ക് വേണ്ട യാതൊരു സംവിധാനവും ബീച്ചില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല. സന്ധ്യാനേരത്ത് ഇരുട്ടിലാകുന്ന ബീച്ചില്‍ വെളിച്ചം പകര്‍ന്നിരുന്ന ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം കുടുംബസമേതം ബീച്ച് കാണാനെത്തിയ യുവതി ഇരുട്ടത്ത് നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് അബോധാവസ്ഥയിലായി. യുവതിക്ക് രക്ഷകരായത് പോലീസും സഞ്ചാരികളുമാണ്.
ബീച്ചിലെത്തുന്ന സഞ്ചാരികളെ സാമൂഹ്യ വിരുദ്ധരില്‍ നിന്ന് രക്ഷിക്കാന്‍ കോവളം പോലീസിന് സ്റ്റേഷനില്‍ ഇരുന്ന് തന്നെ നിരീക്ഷിക്കാവുന്ന തരത്തില്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി അറുപത്തഞ്ചോളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ പ്രവര്‍ത്തിക്കുന്നതാക്കട്ടെ ഇരുപതില്‍ താഴെ മാത്രമായി ചുരുങ്ങി. കഴിഞ്ഞ ഓണക്കാലത്ത് കരാര്‍ ഏറ്റെടുത്ത സംഘത്തിന്റെ കാലാവധി അവസാനിച്ചതോടെ അറ്റകുറ്റപ്പണിക്കള്‍ ഒന്നും നടന്നില്ല. കോവളത്ത് സീസണ് ആരംഭിച്ചതോടെ ഉത്തരേന്ത്യയില്‍ നിന്നടക്കം സഞ്ചാരികളുടെ വന്‍ തിരക്കാണുള്ളത്. കടല്‍ക്ഷോഭം കുറഞ്ഞതിനാല്‍ ബോട്ടിംഗും വിനോദ സ്കൂബാ ഡൈവിംഗ് സംഘവും സജീവമായി. സഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങിക്കുളിക്കുന്നതിനുള്ള അനുമതിയും കഴിഞ്ഞ മാസം മുതല്‍ അധികൃതര്‍ നല്കി. എന്നാല്‍ ഏതു സമയത്തും പ്രക്ഷുബ്ധമാകുന്ന കടലിലെ അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്കുന്ന അലാറം സംവിധാനം പ്രവര്‍ത്തനരഹിതമായത് ലൈഫ് ഗാര്‍ഡുകള്‍ക്ക് തലവേദനയാകുന്നു. കടല്‍ക്ഷോഭത്തിലെ തിരയടിയില്‍ തകര്‍ന്ന് അപകടക്കെണിയായി മാറിയ ഗ്രോബീച്ചിലെ പ്രധാന റോഡിന്റെ കാര്യത്തിലും തീരുമാനമില്ല. ഇരുട്ടില്‍ നടക്കുന്ന സഞ്ചാരികളും വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയെന്ന് നാട്ടുകാരും പറയുന്നു. ഇവയെല്ലാം പൂര്‍ത്തിയക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പും ഇതുവരെ ഫലം കണ്ടില്ല. വിദേശ വിനോദ സഞ്ചാരികളെ എതിരേല്ക്കാന് തയ്യാറെടുക്കുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും കോവളം ബീച്ചിലെ അവസ്ഥയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: