ന്യൂദല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. മൃതദേഹങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറിലെത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.
വിലാപയാത്രയിൽ മൂന്ന് സേനകളിൽ നിന്നുള്ള 99 പേർ പങ്കെടുക്കുന്നുണ്ട്. രാവിലെ ദൽഹി കാമരാജ് മാർഗ് മൂന്നാം നമ്പർ വസതിയിൽ എത്തിച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയർപ്പിച്ചത്. ‘അമര്‍ രഹേ’ വിളികളുമായി വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.
വിദേശ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയോടെയാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 14 പേര് സഞ്ചരിച്ചിരുന്ന സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ. പ്രദീപും ഉള്‍പ്പെടുന്നു. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17വി5 ഹെലികോപ്റ്റര്‍ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: