കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ രണ്ട് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍, ഒരു എയര്‍ സ്ട്രൈക്ക് എന്നിവയില്‍ ജനറല്‍ റാവത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു. 40 വര്‍ഷത്തെ സുദീര്‍ഘ സൈനിക സേവനം അദ്ദേഹത്തെ എണ്ണം പറഞ്ഞ മിലിറ്ററി സ്ട്രാറ്റജിസ്റ്റ് ആക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വണ്‍ പോയിന്റ് ട്രബിള്‍ ഷൂട്ടര്‍ ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനെ കുറിച്ച്.
മ്യാന്മര് സര്‍ജിക്കല്‍ സ്ട്രൈക്ക്
2015 ജൂണില്‍ ഇന്ത്യന്‍ ആര്‍മിയുടെ ദോഗ്ര രജിമെന്റ് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം, മണിപ്പൂരിലെ ചാന്‍ഡല്‍ ജില്ലയില്‍ വച്ചു നാഗാ വിഘടനവാദികള്‍ ആക്രമിച്ചു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ 18 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചു. അന്ന് ദിമപൂര്‍ ആസ്ഥാനം ആയ ഇന്ത്യന്‍ സൈന്യത്തിന്റെ കിഴക്കന്‍ കമാണ്ടിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി കൊടുക്കുമ്പോള്‍ ഇനി അത്തരം ആക്രമണങ്ങള്‍ക്ക് ശത്രുക്കള്‍ ആലോചിക്കും മുമ്പേ അവര്‍ക്ക് തിരിച്ചടി ഓര്‍മ്മയില്‍ വരണം എന്നതായിരുന്നു ജനറലിന്റെ പക്ഷം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പോലെ തന്നെ കിഴക്കന്‍ ഇന്ത്യ സ്പെഷ്യലിസ്റ്റ്, കൂടാതെ ആന്റി ഇന്‍സര്‍ജന്‍സി സ്പെഷ്യലിസ്റ്റുമാണ് ജനറല്‍ റാവത്ത്. അതിനാല്‍ തന്നെ തിരിച്ചടിയുടെ ചുമതല ആരെ ഏല്‍പ്പിക്കണം എന്നതില്‍ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന് സംശയമില്ലായിരുന്നു.
ഇന്ത്യയുടെ 21 പാരാ സ്പെഷ്യല്‍ ഫോഴ്സസിന്റെ കമാന്‍ഡോ യൂണിറ്റ് മ്യാന്മര് അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷനില്‍ നൂറിലധികം നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അപ്രതീക്ഷിത ആക്രമണം നേരിട്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ കാത്ത് ഔട്ടര്‍ സര്‍ക്കിളില്‍ സ്നൈപ്പര്‍ യൂണിറ്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എഴുപതോളം കമാന്‍ഡോകളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ സൈന്യം തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ വൈസ് ചീഫ് ആയി പ്രമോട്ട് ചെയ്തു.
നിയന്ത്രണ രേഖയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക്
2016 സെപ്തംബറില്‍ പാകിസ്ഥാന് പോറ്റി വളര്‍ത്തുന്ന ജെയ്ഷെ മുഹമ്മദ്-ലഷ്കര്‍ തീവ്രവാദികള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഉറി സൈനിക ക്യാമ്പ് ആക്രമിച്ചു. പതിനേഴ് സൈനികരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്. ആര്‍മി ടെന്റുകള്‍ക്കുള്ളിലേക്ക് ഗ്രനേഡുകളും ബോംബുകളും വര്‍ഷിച്ച ശേഷമായിരുന്നു ആക്രമണം.
സൈനികരുടെ ആത്മവിശ്വാസം തിരിച്ചു പിടിക്കുക എന്നതായിരുന്നു അന്നത്തെ വൈസ് ചീഫ് ഓഫ് ഇന്ത്യന്‍ ആര്‍മി ആയിരുന്ന ജനറല്‍ റാവത്തിന്റെ ആദ്യ ദൗത്യം. നമ്മുടെ അതിര്‍ത്തി കടന്ന് ഒളിച്ചു വന്നവരെ തകര്‍ക്കാന്‍ അതിനു മുകളില്‍ പാകിസ്ഥാന് പ്രതീക്ഷിക്കാത്ത ഒരു പ്രഹരം ഏല്പിച്ചാല് അല്ലാതെ, സൈനികരുടെ വീര്യം നിലനിര്‍ത്താന്‍ വേറെ വഴിയില്ല എന്നു സൈന്യം അഭിപ്രായപ്പെട്ടു. തീരുമാനം എടുക്കേണ്ടത് നരേന്ദ്ര മോദിയും. ഇന്ത്യന്‍ സൈന്യത്തിന്റെ കൂടെ കുടുംബം എന്ന പോലെ ആഘോഷങ്ങള്‍ക്ക് എത്തുന്ന മോദിക്ക് തന്റെ വിശ്വസ്തരായ സൈനിക മേധാവികള്‍ക്ക് ‘ഗോ’ കൊടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല. പാകിസ്ഥാന് മനസ്സിലാവുന്ന ഭാഷയില്‍ തിരിച്ചടി കൊടുക്കൂ, രാഷ്ട്രീയ, അന്താരാഷ്ട്ര സമ്മര്‍ദ്ദം ഒക്കെ താന്‍ നേരിട്ട് കൊള്ളാം എന്ന് പ്രധാനമന്ത്രി ഉറപ്പ് കൊടുത്തു. സ്ഥിതിഗതികള്‍ പൂര്‍ണമായും വിലയിരുത്താന്‍ അജിത് ഡോവലിനെ ചുമതലപ്പെടുത്തി.
പിന്നീട് പിറന്നത് ചരിത്രം. ഇന്ത്യ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ആറിടത്ത് ഒരേ സമയം ആക്രമണം നടത്തുന്നു. ഏതാണ്ട് 150ലേറെ ജിഹാദി തീവ്രവാദികളെ വധിച്ചു. ഭാരതത്തിലെ ഒരു സൈനികന് പോലും ജീവന് നഷ്ടപ്പെടാത നമ്മുടെ പുലിക്കുട്ടികള്‍ തിരികെയെത്തി. അന്ന് രാവിലെ ഡിജിഎംഒ ലഫ് ജനറല്‍ രണ്‍ബീര്‍ സിംഗ് പത്ര സമ്മേളനം വിളിച്ചു ഈ വിവരം ലോകത്തെ അറിയിച്ചു. ഇന്ത്യ പാക്കിസ്ഥാന് നല്കിയ ഈ മറുപടിയില്‍ ഉപ സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ പങ്ക് വളരെ വലുതാണ്.
ബാലാക്കോട്ട് വ്യോമാക്രമണം
കശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് ഭടന്മാര് യാത്ര ചെയ്തിരുന്ന വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ നടന്ന ഈ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ-മുഹമ്മദ് ഭീകരരായിരുന്നു. 40 സൈനികരെ നഷ്ടമായി. സ്ഫോടക വസ്തു നിറച്ച വാഹനം സുരക്ഷാ സൈനികര്‍ സഞ്ചരിച്ച വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു ആദില്‍ അഹമ്മദ് ധാര്‍ എന്ന കശ്മീരി ജിഹാദി തീവ്രവാദി ചെയ്തത്. വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നേക്കും എന്നു ഉറപ്പിച്ചു അതിര്‍ത്തിയിലുള്ള തീവ്രവാദി ക്യാമ്പുകള്‍ കാലിയാക്കി ജിഹാദികള്‍ രക്ഷപെട്ടു. പാക് സൈന്യം അതിര്‍ത്തി ബലപ്പെടുത്തി കാത്തിരുന്നു.
2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വേളയില്‍ ഉപ മേധാവി ആയിരുന്ന ജനറല്‍ റാവത്ത് ഇന്ത്യന്‍ സൈനിക മേധാവിയായിരുന്നു പുല്‍വാമ ആക്രമണം നടക്കുമ്പോള്‍. കര വഴിയുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്ത് ആള്‍നാശം ഉണ്ടാക്കാനുള്ള വലിയ സാദ്ധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. 40 പേര് വീരമൃത്യു വരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും സൈനികരുടെ ജീവന് നഷ്ടമായാല്‍ അത് സൈനികരുടെ മനോബലത്തെ ബാധിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ സമയം വ്യോമാക്രമണമാണ് ഏറ്റവും അനുയോജ്യം എന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ പക്കല്‍ നിന്നും ഉറപ്പായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രവാദ പരിശീലനങ്ങള്‍ നടക്കുന്ന ക്യാമ്പുകള്‍ ലൊക്കേറ്റ് ചെയ്ത് വ്യോമാക്രമണം നടത്തി പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അജിത് ഡോവലും ആ തീരുമാനത്തെ പിന്തുണച്ചു. വ്യോമസേന ഈ അഭിമാന പോരാട്ടം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നു എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ 7, 9 സ്ക്വാഡ്രനിലെ മിറാജ് 2000 ഫൈറ്റര്‍ വിമാനങ്ങള്‍ പാകിസ്ഥാന് അതിര്‍ത്തി ഭേദിച്ചു ഖൈബര്‍ പഖ്തൂണ് മേഖലയിലെ ബാലക്കോട്ടിലെ ജിഹാദി ക്യാമ്പുകളില്‍ തീമഴ വര്‍ഷിച്ചു. ഇസ്രായേല്‍ നിര്‍മിത സ്പൈസ് ഗൈഡഡ് മിസൈല്‍ ജിഹാദി ക്യാമ്പുകള്‍ ചാരക്കൂമ്പാരം ആക്കി. നാനൂറോളം തീവ്രവാദികള്‍ ചത്തൊടുങ്ങിയ ഈ വ്യോമാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയെ പോലെ തന്നെ സൗത്ത് ബ്ലോക്കിലെ ഓപ്പറേഷന് കമാന്‍ഡ് റൂമില്‍ അക്ഷമനായി ജനറല്‍ റാവത്തും കാത്തിരുന്നു. വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റുകള്‍ മടങ്ങി എത്തിയപ്പോള്‍ ഇന്ത്യ മറ്റൊരു വിജയഗാഥ കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. അതിന് തിലകക്കുറി ആയി വ്യോമസേനയും, ആ നിര്‍ണ്ണായക തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് എന്ന ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ പോരാളിയും.
2019ല്‍ ഇന്ത്യന്‍ സായുധ സേനകളുടെ പരിഷ്കാരങ്ങളുടെ ഭാഗമായി ദീര്‍ഘ നാളത്തെ ആവശ്യമായ സംയുക്ത സേനാ മേധാവി എന്ന സുപ്രധാന പദവിയിലേക്ക് ആര് എന്ന ചോദ്യത്തിന് രാജ്യത്തിനും അതിന്റെ നേതൃത്വത്തിനും രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല. സൈനിക സേവനം ഒരു ജോലി അല്ല, അത് ഒരു സമര്‍പ്പണം ആണ്, തനുവും മനവും സമര്‍പ്പിച്ച സമ്പൂര്‍ണ്ണ ത്യാഗം ആണ് സൈനിക സേവനം എന്നു അദ്ദേഹം യുവാക്കളോട് എന്നും പറയാറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: