ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ സൈനിക വിഭാഗമായ ഗൂര്‍ഖാ റൈഫിള്‍സിലേക്ക് അച്ഛന്റെ പാത പിന്തുടര്ന്ന് ബിപിന്‍ ലക്ഷ്മണ് സിങ് റാവത്ത് എത്തുമ്പോള്‍ വെറും ഇരുപത് വയസ്സ്. ഗൂര്‍ഖാ റൈഫിള്‍സിന്റെ പതിനൊന്നാം റെജിമെന്റിലെ അഞ്ചാം ബറ്റാലിയനില്‍ 1978 ഡിസംബര്‍ 16ന് ജനറല്‍ ബിപിന്‍ റാവത്ത് ഓഫീസറായി സൈനിക സേവനം ആരംഭിച്ചു. അച്ഛനും അതേ ബറ്റാലിയനിലെ ലഫ്. ജനറലുമായ ലക്ഷ്മണ് സിങ് റാവത്തും അദ്ദേഹത്തിന്റെ പൂര്‍വ്വികരും സാഹസികത രചിച്ച ഗൂര്‍ഖാ റെജിമെന്റിന്റെ ഭാവി വാഗ്ദാനമായി ബിപിന്‍ റാവത്തും ഉയര്‍ന്നുവന്നു.
ദീര്‍ഘമായ 42 വര്‍ഷം ഗൂര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായി കരസേനാ മേധാവി സ്ഥാനം വരെ വഹിച്ച ശേഷമാണ് ജനറല്‍ ബിപിന്‍ റാവത്ത് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി എന്ന തന്ത്രപ്രധാന പദവിയില്‍ എത്തുന്നത്. മൂന്നു സൈനിക വിഭാഗങ്ങളെയും ചേര്‍ത്ത് രാജ്യത്തിന്റെ സൈനിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് പൊടുന്നനെ ഇല്ലാതായത് ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഭീഷ്മാചാര്യരെത്തന്നെയാണ്. സൈനിക പഠനം ആരംഭിച്ച ഊട്ടി വെല്ലിങ്ടണ്ണിലെ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രയ്ക്കിടെ തന്നെയായി അദ്ദേഹത്തിന്റെ മടക്കവും.
തലമുറകളായി സൈനിക സേവനം നിര്‍വഹിക്കുന്ന കുടുംബത്തില്‍ 1958 മാര്‍ച്ച് 16ന് ജനനം. ഉയര്‍ന്ന മഞ്ഞുമലകളിലും മറ്റും യുദ്ധം ചെയ്യാനുള്ള പരിശീലനം അടക്കം നേടി ഭീകരവാദ വിരുദ്ധ ഓപ്പറേഷനുകളുടെ നേതൃത്വം വഹിച്ച തുടക്ക കാലം. ഉറിയില്‍ ഗൂര്‍ഖാ റൈഫിള്‍സ് മേജറായി ദീര്‍ഘകാലം. കിഴക്കന്‍ മേഖലയില്‍ അഞ്ചാം ഗൂര്‍ഖാ റൈഫിള്‍സ് ബറ്റാലിയന് കേണലായി പിന്നീട്. 1987ല്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ റാവത്തിന്റെ ബറ്റാലിയനാണ് ചൈനീസ് സൈനികരെ ഫലപ്രദമായി പ്രതിരോധിച്ചത്. ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ച റാവത്ത് കശ്മീരിലെ സാപ്പോറിലുള്ള രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡ് ഏറ്റെടുത്തു. കോംഗോയില്‍ സമാധാന ദൗത്യസംഘത്തിന്റെ നായകനായി.
മേജര്‍ ജനറലായതോടെ ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രഭൂമിയായ ഉറിയിലേക്ക് വീണ്ടും. ഇത്തവണ 19-ാം ഇന്‍ഫന്ററി ഡിവിഷന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് എന്ന സുപ്രധാന പദവിയായിരുന്നു റാവത്തിനെ കാത്തിരുന്നത്. തുടര്‍ന്ന് ലഫ്. ജനറലായി ദീമാപൂരിലെ മൂന്നാം കോറിന്റെ ചുമതലയിലേക്ക്. 2015ല്‍ മണിപ്പൂരില്‍ ആക്രമണം നടത്തി 18 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ഭീകരസംഘത്തിനെതിരെ മ്യാന്മാറില് കയറി നടത്തിയ ഓപ്പറേഷന്റെ നേതൃത്വത്തിലൂടെയാണ് റാവത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ നിന്നാണ് തെക്കന്‍ സൈനിക മേധാവിയായി പൂനയിലേക്ക് എത്തുന്നത്. ഒടുവില്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായും ജനറല്‍ ദല്‍ബീ
ര്‍സിങ് സുഹാഗും നയിച്ച കരസേനാ മേധാവി പദവിയിലേക്ക് ജനറല്‍ റാവത്തും എത്തി. നേപ്പാള്‍ സൈന്യത്തിന്റെ ഹോണററി ജനറല്‍ പദവിയും അദ്ദേഹത്തിന് ലഭിച്ചു. പരംവിശിഷ്ട സേനാ മെഡല്‍, ഉത്തംയുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍ അടക്കം നിരവധി പുരസ്കാരങ്ങളും നാലുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ അദ്ദേഹത്തിന് ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത സൈനിക നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ റാവത്ത് മുന്നില്‍ നിന്നു. മ്യാന്മാറിലെ സര്‍ജിക്കല്‍ സ്ട്രൈക്കും ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള പാകിസ്ഥാനിലെ സര്‍ജിക്കല്‍ സ്ട്രൈക്കും പിന്നീട് നടന്ന ബലാക്കോട്ട് വ്യോമാക്രമണത്തിലുമെല്ലാം സുപ്രധാന ചുമതലയില്‍ ജനറല്‍ റാവത്ത് കരുത്തുകാട്ടി. സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നല്കിയ മോദിയുടെ നയം നടപ്പാക്കിയപ്പോള്‍ നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളുമെല്ലാം രാജ്യത്ത് വന്‍ തോതില്‍ കുറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയതിന് പിന്നിലെ ഇച്ഛാശക്തിയും ജനറല്‍ റാവത്തിന്റേതു തന്നെ. ഒടുവില്‍ രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് ആരെ വേണമെന്ന ചോദ്യത്തിനുള്ള മോദി സര്‍ക്കാരിന്റെ ഉത്തരവും ജനറല്‍ റാവത്ത് മാത്രം. കാല്‍ക്കോടിയിലേറെ വരുന്ന ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ മുഴുവന്‍ മേധാവിയായി തിളങ്ങിയ റാവത്തിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത വലിയ നടുക്കമാണ് പ്രതിരോധ മേഖലയില്‍ സൃഷ്ടിച്ചത്.
സൈക്കോളജിസ്റ്റും ആര്‍മി വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റുമായ ഭാര്യ മധുലിക റാവത്തും ജനറല്‍ റാവത്തിനൊപ്പം അപകടത്തില്‍ മരിച്ചത് ഏറെ നടുക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: