ലണ്ടന്‍: ആദ്യ റൗണ്ടിലെ ആറു മത്സരങ്ങളിലും വിജയിച്ച് ലിവര്‍പൂളും, അയാക്സും ഗ്രൂപ്പ് ജേതാക്കളായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ എസി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഇതോടെ അവര്‍ ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്ന റെക്കോഡ് ലിവര്‍പൂളിന് സ്വന്തമായി.
എസി മിലാനെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ പിന്നില്‍ നിന്ന് പൊരുതിക്കയറുകയായിരുന്നു. നോക്കൗട്ടിലേക്കു കുതിക്കാന്‍ വിജയം അനിവാര്യമായിരുന്ന എസി മിലാന് 28-ാം മിനിറ്റില്‍ ഫികായോ ടോമോറിയുടെ ഗോളില്‍ ലീഡ് എടുത്തു. എന്നാല്‍, എട്ട് മിനിറ്റുകള്‍ക്ക് ശേഷം ലിവര്‍പൂള്‍ മുഹമ്മദ് സലയുടെ ഗോളില്‍ മിലാനൊപ്പം എത്തി. ഈ സീസണില്‍ എല്ലാ ലീഗിലുമായി സല നേടുന്ന ഇരുപതാം ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒറിജി നിര്‍ണായക ഗോളിലൂടെ ലിവര്‍പുളിന് വിജയം സമ്മാനിച്ചു. ഈ തോല്‍വിയോടെ എസി മിലാന് നോക്കൗട്ട് കാണാതെ പുറത്തായി.
മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുക്കി അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ പ്രവേശിച്ചു. ഡച്ചു ടീമായ അയാകസ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സ്പോര്‍ടിങ്ങിനെ തോല്‍പ്പിച്ചു. ആറു മത്സരങ്ങളില്‍ അയാക്സിന്റെ ആറാം വിജയമാണിത്. ഇതോടെ പതിനെട്ട് പോയിന്റുമായി അവര്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി.
സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനം നേടി. അവസാന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു. ടോണി ക്രൂസും മാര്‍കോ അസന്‍സിയോയുമാണ് ഗോളുകള്‍ നേടിയത്.
ഗ്രൂപ്പ് എ യില്‍ നിന്ന് നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പാരീസ് സെന്റ് ജര്‍മന്‍(പിഎസ്ജി) അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ക്ലബ്ബ് ബ്രൂഗ്ഗെയെ തോല്‍പ്പിച്ചു. പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ഇരട്ട ഗോള്‍ നേടി. എംബാപ്പെ രണ്ട് ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ മുപ്പത് ഗോളുകളായി. ചാമ്പ്യന്‍സ് ലീഗില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇരുപത്തിമൂന്നുകാരനായ എംബാപ്പെ.
ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആര്‍ബി ലീപ്സിഗിനോട് തോറ്റു. തോറ്റെങ്കിലും സിറ്റി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. ആറു മത്സരങ്ങളില്‍ അവര്‍ക്ക് 12 പോയിന്റ് ലഭിച്ചു. പിഎസ്ജിക്കാണ് രണ്ടാം സ്ഥാനം. അവര്‍ക്ക് ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റു കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: