ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ടത്തില്‍ അതിയായ വേദനയുണ്ട്. അത്യന്തം ഉത്സാഹത്തോടെയാണ് അവര്‍ ഭാരതത്തേ സേവിച്ചത്. അവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജനറല്‍ ബിപിന്‍ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാര്‍ത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതില്‍ വളരെയധികം സംഭാവന നല്കി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണങ്ങളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗം വ്യക്തിപരമായി വേദനിപ്പിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗത്തില്‍ എനിക്ക് ഞെട്ടലും വേദനയുമുണ്ടാക്കി.
രാജ്യത്തിന് അതിന്റെ ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകള്‍ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. അപകടത്തില്‍ മരണപെട്ട എല്ലാ സൈനികരുടെ കുടുബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും അദേഹം പറഞ്ഞു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും വിയോഗത്തില്‍ അഗാധമായ വേദന അറിക്കുന്നു. ബിപിന്‍ റാവത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റ് 12 സായുധ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റര്‍ എംഐ 17വി5 തകര്‍ന്നുവീണത്. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.
ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തടക്കം 13 പേര് അപകടത്തില്‍ മരണപ്പെട്ടുയെന്ന് ഇന്ത്യന്‍ വ്യോമ സേനയാണ് സ്ഥിരീകരിച്ചത്. ക്യപ്റ്റന്‍ വരുണ്‍ സിംഗ് ചികിത്സയിലാണെന്നും സൈന്യം വ്യക്തമാക്കി. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം നാളെയേ ഉണ്ടാകൂ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അപകടം നടന്നിതനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ റാവത്തിന്റെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും കുടുംബാഗങ്ങളെ കണ്ടു. അഞ്ചു മിനിറ്റ് നേരം ചെലവഴിച്ച ശേഷം ഇവര്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: