ഗുവാഹത്തി: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഭൂമി സംഭാവനചെയ്തതെന്ന് യാതൊരു വസ്തുതകളുമില്ലാതെ ആള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐയുഡിഎഫ്) എംഎല്‍എ അമീനുള്‍ ഇസ്ലാം. മുസ്ലിങ്ങള്‍ക്ക് മേധാവിത്വമുള്ള അസമിലെ രാഷ്ട്രീയ പാര്‍ട്ടിയാണ് എ ഐയുഡിഎഫ്.
അസമിലെ മറ്റ് നിരവധി ക്ഷേത്രങ്ങള്‍ക്കും ഭൂമി നല്‍കിയത് ഔറംഗസേബ് ചക്രവര്‍ത്തി തന്നെയാണെന്നും എംഎല്‍എ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ എംഎല്‍എയെ ജയിലിലിടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവന നടത്തിയ എ ഐയുഡിഎഫ് എംഎല്‍എയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബ സുരക്ഷ്യ മിഷന് ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു.
‘ഔറംഗസേബ് ചക്രവര്‍ത്തി ഇന്ത്യയില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്തു. വാരണസിയിലെ ജംഗംവാദി ക്ഷേത്രത്തിന് 178 ഹെക്ടര്‍ ഭൂമി സംഭാവന ചെയ്തു. കാമാഖ്യ ക്ഷേത്രത്തിന് ഔറംഗസേബ് ഭൂമി സംഭാവന ചെയ്തതിന്റെ ഭൂരേഖ ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്,’- എ ഐയുഡിഎഫ് എംഎല്‍എ അമീനുള്‍ ഇസ്ലാം പറയുന്നു. എന്നാല്‍ ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവനകളാണിവയൊക്കെയെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാഗ്ഭര് എംഎല്‍എ ഷെര്മാന് അലി അഹമ്മദിനെ മിയ മ്യൂസിയം പ്രസ്താവനയുടെ പേരില്‍ ജയിലിലിട്ട കാര്യവും ഹിമന്ത ബിശ്വ ശര്‍മ്മ ഓര്‍മ്മിപ്പിച്ചു.
‘ഏത് ദൈവത്തെക്കുറിച്ചുള്ള ഏത് പ്രസ്താവനയും ക്ഷമിക്കില്ലെന്നും ഹിമന്ത ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ഇസ്ലാം പാര്‍ട്ടികള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ ആളുകളുടെ വിശ്വാസത്തെ വിമര്‍ശിക്കാന്‍ അനുവദിക്കില്ല’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
‘ഇതുപോലെ ഒരു പ്രസ്താവന നടത്തിയതിന് എംഎല്‍എ ഷെര്മാന് അലി ജയിലിലാണ്. ഇതുപോലുള്ള പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ അമീനുള്‍ ഇസ്ലാമിലെയും ജയിലിലിടേണ്ടി വരും. എന്റെ സര്‍ക്കാരിന് കീഴില്‍ സംസ്കാരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ സഹിക്കില്ല. കാമാഖ്യ, ശങ്കര്‍ദേവ്, ബുദ്ധ, മഹാവീര്‍ ജെയിന്, പ്രവാചകന് മുഹമ്മദ് എന്നിവരെ വലിച്ചിഴക്കാന്‍ ആരെയും സമ്മതിക്കില്ല,’ – ഹിമന്ത ശര്‍മ്മ പറഞ്ഞു. കാമാഖ്യ ദേവതയുടെ പേരിലുള്ളതാണ് ഏറെ പഴക്കമുള്ള ഈ ക്ഷേത്രം. എട്ട്, ഒമ്പത് നൂറ്റാണ്ടുകളില്‍ പണിതതാണ് ഈ ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: