കൊച്ചി : മുന്‍ മിസ്കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചന്റെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പരിശോധനയ്ക്ക് വിധേയമാക്കും. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിനായി ഇവരുടെ നഖവും മുടിയും പരിശോധിക്കും.
ലഹിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആറ് മാസം വരെ ഇവരുടെ മുടിയിലും നഖത്തിലും ലഹരിയുടെ അംശമുണ്ടാകും. സൈജുവിന്റേതും ഇതിനൊപ്പം അയച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിഡിയോയും സൈജുവിന്റെ മൊഴിയും മാത്രമാണ് പോലീസിന്റെ പക്കലുള്ളത്. ശാസ്ത്രീയമായ തെളിവ് ശേഖരിക്കുന്നതിനായാണ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
മോഡലുകളുടെ വാഹനം അപകടത്തില്‍ പെടാന്‍ കാരണം സൈജു കാറില്‍ പിന്തുടര്ന്നതാണെന്ന് പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഇത് കൂടാതെ നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് നര്‍ക്കോട്ടിക് വിഭാഗം തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഡോഗ് സ്ക്വാഡുമായിട്ടായിരുന്നു പരിശോധന. മോഡലുകള്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: