തിരുവനന്തപുരം: നഗരത്തിലെ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്. തകര്‍ന്ന റോഡുകളുടെ കണക്കും എസ്റ്റിമേറ്റും തയാറാക്കി കഴിഞ്ഞു. മഴകാരണമാണ് റോഡുകള്‍ തകര്‍ന്നത്. മഴ മാറിയാലുടന്‍ കരാറുകാര്‍ പണി തുടങ്ങുമെന്നും മേയര്‍ പറഞ്ഞു.
തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ക്വയറുകളിലെ റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. പൊതുമരാമത്ത് വകുപ്പിനെ പോലെ തന്നെ നഗരസഭയുടേയും റോഡുകള്‍ നഗരത്തിലുണ്ട്. ഇവയെല്ലാം തകര്‍ന്ന അവസ്ഥയാണ്. വഴുതക്കാട് ആനി മസ്കറിന്‍ സ്ക്വയര്‍, തമ്പാനൂര്‍ പോലീസ് സ്റ്റേഷന് റോഡ്, തൈക്കാട് ആശുപത്രി റോഡ് എന്നിവ സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിലും അതു അറ്റക്കുറ്റപ്പണി നടത്താതിരിക്കാനും കാരണം മഴയാണെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാദത്തെ ട്രോളി നടന് ജയസൂര്യ രംഗത്തുവന്നിരുന്നു. മന്ത്രിയെ സദസിലിരുത്തിയായിരുന്നു നടന്റെ പ്രതികരണം. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും ജയസൂര്യ മന്ത്രിയുടെ വാദത്തിനു മറുപടി നല്കി.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിക്കു മറുപടിയുമായി നടന് എത്തിയത്. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും നടന് പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: