പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അനാഥയാണെന്ന് പറഞ്ഞ് ഒപ്പം കൂടിയ സൂര്യയെ മുംബൈയിലെ ഒരു കുടുംബം വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാര്‍ഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. അനാഥയാണെന്ന് കരുതിയാണ് ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. പാലക്കാട് മേഴ്സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ.
മൊബൈല്‍ ഫോണ്‍ എടുക്കാതെ വീട് വിട്ടിറങ്ങിയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഈ കേസില്‍ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. എന്നാല്‍ സൂര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ സെല്‍ സദാസമയവും നിരീക്ഷിച്ചിരുന്നു. പക്ഷേ, മൂന്ന് മാസത്തോളം പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂര്‍ പോലീസിന് ഉടന്‍തന്നെ കൈമാറി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതായാണ് തുടക്കത്തില്‍ പൊലീസിന് വിവരം ലഭിച്ചത്. കയ്യില്‍ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. ഗോവയില്‍ വീച് വച്ചു താമസിക്കണമെന്ന് പല തവണ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് ഗോവ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: