കോണ്‍ഗ്രസിനെതിരെ മമത. മമതക്കെതിരെ കോണ്‍ഗ്രസ്. ബിജെപിയെ തറപറ്റിക്കാന്‍ ആരുമായും ചേരാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനേറ്റ കനത്ത പ്രഹരമായി മേല്‍പ്പറഞ്ഞ തമ്മിലടി. മുഖ്യമന്ത്രിയുടെ പാര്‍ട്ടി അംഗീകരിക്കാത്ത കക്ഷിയാണ് തൃണമൂല്‍. കോണ്‍ഗ്രസുമായി ചേരാന്‍ സിപിഎമ്മിന് ഒരു മനസാക്ഷി കുത്തുമില്ല. പശ്ചിമബംഗാളില്‍ മെത്ത പങ്കിട്ടതായിരുന്നു. ഒരു കുഞ്ഞിക്കാലുപോലും കാണാന്‍ സിപിഎമ്മിനെ അവിടെ സഹായിച്ചില്ല. എന്തെങ്കിലും മെച്ചമുണ്ടാക്കാന്‍ കേരളത്തില്‍ ബാന്ധവമുണ്ടായാല് സാധിക്കും. പക്ഷേ, കെ. സുധാകരന് കെപിസിസി തലവനായിരിക്കുവോളം ആ പൂതിയും നടക്കില്ല.
നേരത്തെ അശ്വതി, ഭരണി, കാര്‍ത്തിക എന്നതുപോലെ കേരളം, ബംഗാള്‍, ത്രിപുര എന്ന് പാടുമായിരുന്നു സിപിഎം. ഭരണിയും കാര്‍ത്തികയും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴവര്‍ക്ക് നെഞ്ചിടിപ്പ് കൂടും. പിടിച്ചുനില്‍ക്കുന്നത് അശ്വതി (കേരളം) യില്‍ മാത്രം. ത്രിപുരയില്‍ ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരി. കര്‍ഷക സമരത്തിനിടയില്‍ ചില ചെങ്കൊടികള്‍ കണ്ടതൊഴിച്ചാല്‍ ഇക്കൊടിയുടെ പൊടിപോലുമില്ല കേരളത്തിന് പുറത്തെവിടെയും.
മമതയെ കിട്ടിയാല്‍ നന്നായി കൊട്ടിപ്പാടാമെന്ന് കൊതിച്ചതാണ് കോണ്‍ഗ്രസ്. മമതയാകട്ടെ ആ മോഹം മനസ്സിലിരിക്കട്ടെ എന്ന് വെട്ടിത്തുറന്നു തന്നെ പറഞ്ഞു. അതിന്റെ ചൊരുക്കാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സഖ്യം നിലവിലില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രസ്താവനയാണ് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം മുംബൈയില്‍ യുപിഎ അം ഗമായ എന്‍സിപി നേതാവ് ശരദ് പവാറിന്റെ സാന്നിധ്യത്തിലാണ് മമത ഈ അഭിപ്രായ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിനെ വകഞ്ഞുമാറ്റി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരാനുള്ള ശ്രമത്തിലാണ് മമത. ഇതിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വേരു പടര്‍ത്തുകയുമാണ്. ബി.ജെ.പിക്കെതിരായ മുന്നണി, കോണ്‍ഗ്രസില്ലാതെ സാധ്യമാവില്ലെന്ന് സംഘടനയുള്ള ജനറല്‍ സെക്രട്ടറിയും സഭാംഗവുമായ കെ.സി. വേണുഗോപാല്‍ വീമ്പടിച്ചു. കോണ്‍ഗ്രസില്ലാതെ ബിജെപിയെ തോല്പിക്കാമെന്നത് വെറും സ്വപ്നമാണ്.
കോണ്‍ഗ്രസില്ലാത്ത യുപിഎ ആത്മാവില്ലാത്ത ശരീരമാണെന്ന് കോണ്‍ഗ്രസിലെ ജി-23 സംഘ നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐ ക്യം പ്രകടമാക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറയുന്നു. മമതക്ക് മനോവിഭ്രാന്തിയുടെ തുടക്കമാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിരഞ്ജന്‍ ചൗധരി ആരോപിച്ചു. യുപിഎ എന്താണെന്ന് മമതക്ക് അറിയില്ലേ?’മമത, മമത’യെന്ന് രാജ്യം മുഴുവന്‍ ഉച്ചരിച്ചു തുടങ്ങിയെന്നാ വിചാരം. ഇന്ത്യയെന്നാല്‍ ബംഗാളല്ല. ബംഗാള്കൊണ്ട് ഇന്ത്യ മുഴുവനായില്ല. രഞ്ജന്‍ പറയുന്നു. ഇതെല്ലാം ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചപ്പോള്‍ ആസ്വദിക്കുംപോലെ ജനങ്ങള്‍ കാണുന്നു.
രാജഭരണകാലത്താണ് ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടത്. ആദ്യം മൂന്നംഗങ്ങള്‍, തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ ഒരു പ്രതിനിധി. എന്‍എസ്എസ് സാരഥി മന്നത്ത് പത്മനാഭന്, എസ്എന്‍ഡിപി യോഗത്തിന്റെ ആര്. ശങ്കര്‍ മൂവരും തികഞ്ഞ വിശ്വാസികള്‍. ക്ഷേത്രങ്ങള്‍ ആചാര പ്രകാരം അനുഷ്ഠാനങ്ങള്ക്കനുസരിച്ചും തന്നെ നടത്തപ്പെടണമെന്നാഗ്രഹിക്കുന്നവര്. കേരളം രൂപംകൊണ്ട് ജനായത്ത ഭരണം വന്നപ്പോള്‍ ക്ഷേത്രങ്ങള്‍ അനാചാരങ്ങളുടെ കേന്ദ്രമെന്നും ഒരു ആരാധനാലയം തകര്‍ത്താല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്നും മുദ്രാവാക്യം വിളിച്ചവര്‍ക്കും ദേവസ്വം ബോര്ഡിലിരിക്കാമെന്നായി. ‘ദൈവത്തിനെന്തിനാ പാറാവ്’ എന്ന് ചോദിക്കുന്നവരും ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന് പറയുന്നവരും ദേവസ്വം ബോര്‍ഡ് ഭരിക്കാന്‍ നിയോഗിക്കപ്പെട്ടു. നിയമങ്ങള്‍ പബ്ലിക് സര്‍വീസ് കോര്പ്പറേഷന് വിടാന്‍ ഒരു മനസാക്ഷിക്കുത്തുമുണ്ടായില്ല. ശബരിമല തീര്‍ത്ഥാടനം പോലും അട്ടിമറിക്കാന്‍ ആസൂത്രിത പദ്ധതികള്‍ തന്നെ തയ്യാറാക്കി. ഭക്തരുടെ നിലപാടുകളും വഴികളും വഴിപാടുകളും തകര്‍ക്കുന്ന നിലയായി. ഇരുമുടിക്കെട്ടുകള്‍ പോലും തച്ചുതകര്‍ക്കുക മാത്രമല്ല, പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ക്കെതിരെ കള്ളക്കേസുമെടുത്തു.
ദേവസ്വം ബോര്‍ഡിനെ സ്വന്തമാക്കിയപ്പോള്‍ സംഘപരിവാറും ഭക്തജനങ്ങളും ശബ്ദമുയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ പുച്ഛിച്ചുതള്ളി. ബോര്‍ഡിനെ സര്‍ക്കാരിന്റെ ഉപകരണമാക്കുമ്പോള്‍ ഭക്തജനങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇത് മറ്റു മതസ്ഥര്‍ക്കു നേരെയും വരുമെന്ന്. ഇപ്പോഴിതാ വഖഫ് ബോര്‍ഡിനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രംഗത്തിറങ്ങി. മതസംഘടനകള്‍ ശബ്ദമുയര്‍ത്തി. മുഖ്യമന്ത്രി നേരിട്ട് തന്നെ ചര്ച്ചക്കിറങ്ങി. സര്‍ക്കാര്‍ നിലപാടിനെ ലീഗ്പത്രം വിശേഷിപ്പിക്കുന്നത് നോക്കാം.
‘വഖഫ് സ്വത്തിന്റെ പവിത്രത കമ്യൂണിസ്റ്റ് തലച്ചോറുകള്‍ക്ക് പിടികിട്ടില്ല. മതമൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം പഠിപ്പും വിവരവും അവര്‍ക്കില്ലെന്നത് അംഗീകൃത സത്യമാണ്. അത്തരമൊരു അറിവില്ലായ്മയെ അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ കൂടിയാണ് കമ്യൂണിസ്റ്റുകള്‍. ഭൗതിക വ്യവഹാരങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും അതിനുവേണ്ടി ഓടി നടക്കുകയും ചെയ്യുന്ന അവര്‍ക്ക് മതവിശ്വാസികളുടെ വികാരങ്ങളും വിചാരങ്ങളും ഉള്‍ക്കൊള്ളാനാവില്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കമ്യൂണിസ്റ്റുകളും അവസരവാദികളായ ചെറു പാര്‍ട്ടികളും ചേര്‍ന്നാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അതിന്റെ ഗതികേട് ജനം അനുഭവിക്കുന്നുമുണ്ട്.
ശബരിമല വിവാദത്തില്‍ തുടങ്ങി കേരള സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന സാമുദായിക പ്രശ്നങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ ഭരണം കൈയ്യാളുന്നതിന്റെ പരിണിത ഫലങ്ങളാണ്. മതാചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പിടിപാടില്ലാത്തവര്‍ക്ക് വിശ്വാസികളുടെ ആശങ്കകള്‍ മനസിലാകില്ല. പള്ളിയും അമ്പലവും ചര്‍ച്ചുമൊക്കെ വോട്ട് തട്ടാനുള്ള ഉപാധികള്‍ മാത്രമാണ് അവര്‍ക്ക്. മത വിഭാഗങ്ങളെ തമ്മിലടിപ്പിച്ചും ഒറ്റപ്പെടുത്തിയും പ്രീണിപ്പിച്ചും അധികാരത്തിലേക്ക് വഴിവെട്ടുന്നതിലാണ് കമ്യൂണിസ്റ്റുകളുടെ ശ്രദ്ധ. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ‘താത്വിക തിരുമൊഴി’ കൂടെ കൊണ്ടുനടക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു ചേരും. വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുപ്പിക്കുമ്പോഴും ഇടതുപക്ഷം ആലോചിക്കുന്നത് രാഷ്ട്രീയ ലാഭങ്ങളെക്കുറിച്ചാണ്.
ന്യൂനപക്ഷത്തെ ഉപേക്ഷിച്ച് ഭൂരിപക്ഷ രാഷ്ട്രീയ വോട്ടുകള്‍ കൊയ്തെടുക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. മതവിശ്വാസികളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ വിഷയങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും വിവേചനപരമാണെന്ന് മനസിലാക്കാന്‍ അധികം പാണ്ഡിത്യമൊന്നും വേണ്ട. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയും ഉപയോഗം കഴിഞ്ഞ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്ത ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. മതസ്ഥാപനങ്ങളും അനുബന്ധ ഏജന്‍സികളും നിയന്ത്രിക്കേണ്ടത് ബന്ധപ്പെട്ട മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ ആയിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.” ചില സംഘടനകള്‍ സര്‍ക്കാര്‍ കവചത്തിലുണ്ട്. ഏതായാലും ലീഗ് ഡിസംബര്‍ 9 ന് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ: ”ലീഗിന്റേത് സംഘപരിവാറിന് പച്ചക്കൊടി കാട്ടുന്നത്” എങ്ങനെയുണ്ട് ബുദ്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: