ന്യൂദല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്സിന് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാനും സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വ്യതിയാനം സംഭവിച്ച കോവിഡ് വൈറസുകള്‍ക്കെതിരെ കൊവാക്സിന് ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്സിന് പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും ഐസിഎംആര്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത്. പിന്നീട് യുഎഇയിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ ഇന്ത്യയില്‍ രണ്ട് പേരിലും ഒാെമിക്രോണ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ജനിതക വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കൊവാക്സിന് ഫലപ്രദമാണെന്നും ഇത് വൈറസിനെ പ്രതിരോധിക്കുമെന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ ഒമിക്രോണിനെതിരെയും കൊവാക്സിന് പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും ഐസിഎംആര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.
എന്നാല്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിലവില്‍ കൊവാക്സിന് പ്രതിരോധം തീര്‍ക്കുമെന്ന് കരുതാം. സാമ്പിള്‍ ലഭിച്ചാലുടന്‍ വാക്സിനുകളുടെ കഴിവ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ടെസ്റ്റ് ചെയ്യും. വുഹാനില്‍ കണ്ടെത്തിയ യഥാര്‍ത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കൊവാക്സിന് നിര്‍മ്മിച്ച ഭാരത് ബയോടെക് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: