ജിജേഷ് ചുഴലി
കോഴിക്കോട്: ആതിഥേയരായ കേരളം ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇന്നലെ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ജി യിലെ അവസാന മത്സരത്തില്‍ മധ്യപ്രദേശിനോട് 1-1ന് സമനില വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.
കളിയുടെ 18-ാം മിനിറ്റില്‍ മധ്യപ്രദേശിന്റെ ശില്പ്പസോണി കേരളത്തിന്റെ വലകുലുക്കി. 20-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സി. രേഷ്മ കേരളത്തിന്റെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് കളിയില്‍ ആധിപത്യം പുലര്‍ത്തിയ കേരളത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല. ഈ സമനിലയോടെ മൂന്ന് കളിയില്‍ നാല് പേയിന്റുമായി കേരളം ഗ്രൂപ്പ് ജിയില്‍ രണ്ടാമതായി.
ഗ്രൂപ്പ് ജി യിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ മിസോറാമിനെ ഉത്തരാഖണ്ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഈ സമനിലയോടെ 7 പോയിന്റുമായി മിസോറാം ക്വാര്‍ട്ടറിലെത്തി.
കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂര്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ദാമന്‍ദിയുവിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തി. മറ്റൊരു കളിയില്‍ മേഘാലയ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പുതുച്ചേരിയെ പരായപ്പെടുത്തി.
മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹരിയാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഒഡീഷയും നോക്കൗട്ട് റൗണ്ടിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി.
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ റെയില്‍വേയ്സ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഛത്തീസ്ഗഢിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: