ന്യൂദല്‍ഹി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും അപകടാവസ്ഥ കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍. കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരുകയാണ്. എന്നാല്‍, അപകടകരമായ നിലയിലേക്ക് രോഗികള്‍ മാറുന്നില്ല. വാക്സിന് സ്വീകരിച്ച് ജാഗ്രതയോടെ മുന്നോട്ടുപോയാല്‍ പുതിയ വകഭേദം പ്രതിസന്ധി സൃഷ്ടിച്ചേക്കില്ലെന്നും വിലയിരുത്തലുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ വന്‍തോതില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍, ആശുപത്രിയിലേക്കെത്തുന്നവര്‍ താരതമ്യേന കുറവാണ്. വാക്സിന് സ്വീകരിച്ച പലരിലും ലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രോഗം സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, വലിയ രീതിയില്‍ രോഗബാധിതര്‍ വര്‍ധിക്കുന്നത് ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. വാക്സിന് വിതരണം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
ഇതിനിടെ, ആഫ്രിക്കയ്ക്ക് പുറത്ത് പല രാജ്യങ്ങളിലേക്കും ഒമിക്രോണ്‍ സാന്നിധ്യം വ്യാപിക്കുകയാണ്. ഇന്നലെ ബ്രിട്ടണില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതര്‍ലന്‍ഡ്സില്‍ 13 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കാനഡയിലും സ്കോട്ട്ലന്‍ഡിലും ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. യൂറോപ്പില്‍ മിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ബൂസ്റ്റര്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് രാജ്യങ്ങളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: