കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ കേരളാ പോലീസ് സംരക്ഷിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് സിബിഐ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, റജി വര്‍ഗീസ്, ശാസ്താ മധു, സുരേന്ദ്രന്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
എറണാകുളം സിബിഐ കോടതിയില്‍ ഇവരെ നാളെ ഹാജരാക്കും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന് എന്നിവരെ നേരത്തെ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറിയെയും ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതിയില്‍ എത്തിയെങ്കിലും ഹൈക്കോടതി വിധി ശരിവെച്ച് ഇതു തള്ളിയിരുന്നു. സിബിഐ തിരുവന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: