ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ റദ്ദാക്കി. കുറ്റം ചെയ്തവരെ ദേശീയ സുരക്ഷാനിയമം ചാര്‍ത്തി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇതുവരെ 26 പേര് അറസ്റ്റിലായി. യോഗ്യതാ പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് തന്നെ പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നുമാണ് 26 പേരെ പിടികൂടിയത്. ഇതില്‍ 16 പേര് പ്രയാഗ് രാജില്‍ നിന്നുതന്നെയാണ്.
പ്രയാഗ് രാജിലെ ശങ്കര്ഗര് പ്രദേശത്തെ ഒരു പ്രൈമറി സ്കൂളിലെ അധ്യാപകനായ സത്യ പ്രകാശ് സിങ് വരെ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പരിശോധനയില്‍ അദ്ദേഹത്തിന്റെ വാട്സാപ്പില്‍ മുഴുവന്‍ ഉത്തരങ്ങളുമടങ്ങിയ ചോദ്യപേപ്പര്‍ കണ്ടെത്തി.
പ്രധാനമായും തട്ടിപ്പ് നടത്തിയതായി കരുതുന്ന രാജേന്ദ്ര പട്ടേലും ചതുര്ഭൂജ് സിങും അറസ്റ്റിലായി. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് ബീഹാറില്‍ നിന്നും വിദഗ്ധരെ എത്തിച്ച സണ്ണി സിങും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
ശ്യാംലി ജില്ലയില്‍ നിന്നുള്ള മൂന്ന് പേരാണ് 5 ലക്ഷം നല്കി ചോദ്യപ്പേപ്പറിന്റെ 10 കോപ്പികള്‍ സംഘടിപ്പിച്ചത്. ഈ ചോദ്യപേപ്പര്‍ വായിച്ച് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിന് 50 മുതല്‍ 60 വരെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 50,000 രൂപ വരെ വാങ്ങിയിരുന്നു. മറ്റ് കുറ്റവാളികളെ തേടുകയാണ്.
ദേശീയ സുരക്ഷനിയമവും ഗ്യാങ്സ്റ്റര്‍ നിയമവും പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: