ഗാന്ധിനഗര്‍: സഹകരണമേഖലയ്ക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കുതിപ്പേകാനുള്ള കഴിവുണ്ടെന്നും അതുവഴി ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ.
ഞായറാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ സഹകരണസ്ഥാപനമായ അമുല്‍ ഡയറിയുടെ പുതിയ പാല്‍പ്പൊടി പ്ലാന്റും ഓട്ടോമേറ്റഡ് സംഭരണ ശാലയും തിരിച്ചെടുക്കല്‍ സംവിധാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘പ്രധാനമന്ത്രി നരേന്ദ്രമോദി സഹകരണമന്ത്രാലയം ആരംഭിക്കുമ്പോള്‍ എല്ലാവരും സര്‍ക്കാരിനെ വിമര്‍ശിച്ചു. അതിനെ തട്ടിപ്പെന്ന് പലരും വിളിച്ചു. രാജ്യത്തെ ആദ്യ സഹകരണമന്ത്രിയായതില്‍ അഭിമാനമുണ്ട്’ അമിത് ഷാ പറഞ്ഞു.
‘സഹകരണമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ആക്കംകൂട്ടുക മാത്രമല്ല ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാനും കഴിയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമുല്‍.’ -അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന ഉണ്ടാക്കിക്കൊടുക്കുന്നതില്‍ സഹകരണമേഖലയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്യാനുണ്ടെന്ന് കഴിഞ്ഞ മാസം നടത്തിയ പ്രസംഗത്തില്‍ ഷാ പ്രസ്താവിച്ചിരുന്നു.
1946ല്‍ ആണ് അമുല്‍ ഉണ്ടാകുന്നത്. ഗുജറാത്തിലെ കൈര ജില്ലയിലെ കര്‍ഷകര്‍ ചില ലോബികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാവാതെ സമരം തുടര്‍ന്നു. അന്ന് സര്‍ദാര്‍ പട്ടേലിന്റെ പ്രചോദനമുള്‍ക്കൊണ്ട് മൊറാര്‍ജി ദേശായിയുടെയും ത്രിഭുവന്‍ദാസ് പട്ടേലിന്റെയും മാര്ഗ്ഗനിര്ദേശത്തില് കര്‍ഷകര്‍ ഒരു സഹകരണപ്രസ്ഥാനം ആരംഭിച്ചു. അതാണ് അമുല്‍. വെറും രണ്ട് ഗ്രാമത്തിലെ സഹകരണ പാല് സൊസൈറ്റിയും 247 ലിറ്റര്‍ പാലുമായാണ് അമുല്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: