അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണ് ഇ-ശ്രം (e-Shram). കുടിയേറ്റ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയ അസംഘടിത മേഖലയിലെ വിവിധ തൊഴിലാളികള്‍ക്കായുള്ള ഇദംപ്രഥമമായ ദേശീയതല ഡേറ്റബേസ് ആണ് ഇ- ശ്രം (e-Shram) പോര്‍ട്ടല്‍. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കുകയെന്നതാണ്, ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. നിലവില്‍ 400 ലേറെ തൊഴിലുകള്‍ പോര്‍ട്ടലില്‍ ഇടം പിടിച്ചിട്ടുണ്ട്. 2021 ആഗസ്റ്റ് 26 ന് കേന്ദ്രതൊഴില്‍ മന്ത്രി ഭൂപേന്ദ്ര യാദവ്, തൊഴില്‍ കാര്‍ഡ് നല്കി ഉദ്ഘാടനം ചെയ്ത ഇ-ശ്രം കാര്‍ഡ് പദ്ധതിയില്‍ രണ്ടര മാസത്തിനകം തന്നെ അസംഘടിത മേഖലയിലെ ഏഴ് കോടിയിലധികം പേര് രജിസ്റ്റര്‍ ചെയ്തു. 42 കോടിയിലധികം പേര് ഇന്ത്യയില്‍ അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു വലിയ പങ്ക്, അസംഘടിത മേഖലയില്‍ നിന്നാണെന്നുള്ളത്, ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് ആധാറിനു സമാനമായി രജിസ്ട്രേഷന് വഴി, 12 അക്ക യൂണിവേഴ്സല്‍ അക്കൗണ്ട് (UAN) നമ്പറും കാര്‍ഡും ലഭിക്കും. സ്വാഭാവികമായും സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ഈ നമ്പര്‍ അനിവാര്യതയായി ഭാവിയില്‍ മാറുമെന്നുറപ്പാണ്. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നവര്‍ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയുടേയും ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യവര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സമാനമായ മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളുമായും ഇത് ഭാവിയില്‍ ബന്ധിപ്പിക്കും. ഇ- ശ്രം രജിസ്ട്രേഷന്, ആധാര്‍ നിര്‍ബന്ധമായും വേണം. അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണത്തിനായുള്ള ഇ-ശ്രം പോര്‍ട്ടലിലാണ് കാര്‍ഡിനും നമ്പറിനുമായി അപേക്ഷിക്കേണ്ടത്.
അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഇ-ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്ട്രേഷന്, ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍, ബാങ്ക് പാസ് ബുക്കുകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കോമണ്‍ സര്‍വ്വീസ് സെന്ററര്‍ വഴിയും ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് സ്വന്തമായും ചെയ്യാം. അസംഘടിത മേഖലയില്‍ ഉള്‍പ്പെടുന്ന വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എല്ലാ സ്ഥാപനങ്ങളിലെയും പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്/കോച്ചിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, അവിടുത്തെ തൊഴിലാളികള്‍, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, അങ്കണവാടി ടീച്ചര്‍, ആയമാര്‍, കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ആശാരിമാര്, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, പലഹാര നിര്‍മ്മാണ തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, പത്രവിതരണക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, മൃഗങ്ങളെ വളര്‍ത്തുന്നവര്‍, പപ്പടം-കേക്ക് മറ്റ് പലഹാര നിര്‍മ്മാണ തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, നെയ്ത്തുകാര്‍, മില്ലുകളിലെ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തുന്നവര്‍, കമ്പ്യൂട്ടര്‍ സെന്ററുകളിലെ തൊഴിലാളികള്‍ തുടങ്ങി എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രമില്‍ സൗജന്യ രജിസ്ട്രേഷന് നടത്താം. ചെറിയ വരുമാനമുള്ള അസംഘടിത തൊഴിലാളികള്‍ക്ക് 60 വയസ്സിനു ശേഷം ഒരു നിശ്ചിത സംഖ്യ മാസ പെന്ഷന് നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ഉണ്ട്. അപേക്ഷകരുടെ പ്രായപരിധി 16 നും 59 നും
ഇടയില്‍ ആയിരിക്കണം. പിഎഫ്, ഇഎസ്ഐ എന്നീ പദ്ധതികളില്‍ അപേക്ഷകര്‍ അംഗമായിരിക്കരുത്. ഇതോടൊപ്പം ആദായ നികുതി ഒടുക്കുന്നവരായിരിക്കരുതെന്ന നിബന്ധനയുമുണ്ട്.
രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍
- ആധാര്‍
- ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍
- സ്വന്തം ബാങ്ക് അക്കൗണ്ട്
- അപേക്ഷകന്റെ പ്രായം 16-59 വയസ്സിനും ഇടയിലായിരിക്കണം
സ്വന്തമായി എങ്ങിനെ അപേക്ഷിക്കാം
- Register.eshram.gov.in എന്ന സൈറ്റ് എടുക്കുക
- Self registration എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്കി താഴെ തന്നിരിക്കുന്ന ക്യാപ്ച്ച ശരിയായി നല്‍കുക.
- പിഎഫ്, ഇഎസ്ഐ എന്നിവയില്‍ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് NO എന്ന് ടിക്ക് മാര്‍ക്ക് നല്കി ടലിറ OTP ക്ലിക്ക് ചെയ്തു ഫോണില്‍ വരുന്ന OTP നമ്പര്‍ നല്‍കുക.
- ആധാര്‍ നമ്പര്‍ നല്കുമ്പോള് വീണ്ടും ഫോണില്‍ ലഭിക്കുന്ന OTP നല്‍കുക, ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും.
- അത് കണ്‍ഫോം ചെയ്തു തുടര്‍ന്ന് ഇ-മെയില്‍, പിതാവിന്റെ പേര്, രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
- സ്ഥിരമായ വിലാസവും നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും നല്‍കുക.
- എത്ര വര്‍ഷമായി ഈ സ്ഥലത്ത് താമസിക്കുന്നുണ്ടെന്നും വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ഇക്കാര്യം സൂചിപ്പിക്കണം.
- വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്തിയ ശേഷം ജോലിയുമായി ബന്ധപെട്ട വിവരങ്ങള്‍ നല്‍കണം
- ആധാറുമായി ബന്ധിപ്പിച്ച (നിര്‍ബന്ധമില്ല) ബാങ്ക് അക്കൗണ്ട് ഇവിടെ തിരഞ്ഞെടുക്കാം.
- വിവരങ്ങള്‍ കണ്‍ഫേം ചെയ്യുമ്പോള്‍ , ആദ്യം നല്കിയ ഫോണില്‍ OTP ലഭിക്കും അതോടെ രജിസ്ട്രേഷന് പൂര്‍ത്തിയാകും. തുടര്‍ന്ന് UAN നമ്പറുള്ള കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.UAN നമ്പര്‍ ഫോണിലും എസ്എംഎസ് ആയി ലഭിക്കും. രജിസ്ട്രേഷനുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 14434 ല്‍ വിളിക്കാവുന്നതാണ്.
ഇ-ശ്രം രജിസ്ട്രേഷനിലൂടെ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍
- ഇ-ശ്രം രജിസ്ട്രേഷനിലൂടെ ലഭ്യമാകുന്ന ഇ-ശ്രം കാര്‍ഡ് രാജ്യത്തെമ്പാടും സ്വീകരിക്കപ്പെടും.
- സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എല്ലാം ഭാവിയില്‍ ഇ-ശ്രം പോര്‍ട്ടല്‍ വഴി നല്‍കും
- ജങടആഥ വഴി ഒരു വര്‍ഷത്തേക്ക് രാജ്യത്തുടനീളം അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
- ദുരന്തങ്ങള്‍/മഹാമാരി തുടങ്ങിയ ദുരിതങ്ങളില്‍ സര്‍ക്കാര്‍ ധനസഹായത്തിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇ-ശ്രം ഡാറ്റ ബേസിലെ രജിസ്ട്രേഷന് ഉപകാരപ്രദമാകും.
- അപകട മരണത്തിനും പൂര്‍ണ വൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും ധനസഹായം ലഭിക്കും.
(തൃശൂര്‍ സെന്റ്. തോമസ് കോളജില്‍ അസി.പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: