വാഷിംഗ്ടണ്‍: തയ് വാനെ ചൊല്ലി ചൈനയും യുഎസും തമ്മിലുള്ള ചേരിപ്പോര് മുറുകുന്നു. ഏറ്റവുമൊടുവില്‍ ചൈനയെ ചൊടിപ്പിച്ച് കൊണ്ട് യുഎസ് തയ് വാനെ ഡിസംബറില്‍ നടക്കാന്‍ പോകുന്ന ജനാധിപത്യ ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുകയാണ്.
തയ് വാന്‍ ചൈനയുടെ ഭാഗമാണെന്നും തയ് വാനെ എന്തുവിലകൊടുത്തും സമാധാനപരമായി ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ മാസമാണ് ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചത്. ചൈനയുടെ മോഹം നടക്കില്ലെന്നും തയ് വാന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തയ് വാന്‍ നേതാവ് സൈ ഇങ് വെന്‍ അഭിപ്രായപ്പെട്ടിരുന്നു. ചൈനയും തയ് വാനും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ച നാളുകളാണിത്. അടുത്തിടെയാണ് 150 യുദ്ധവിമാനങ്ങള്‍ തയ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് ചൈന പറത്തിയത്.
സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തയ് വാനെ ചൈനയില്‍ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം നടക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് തിരിച്ചടിച്ചിരുന്നു. ചൈന ആക്രമിച്ചാല്‍ തയ് വാന്‍ സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ ചൈന എന്ന തത്വം യുഎസ് അംഗീകരിക്കണമെന്ന് ചൈനീസ് ഉദ്യോഗസ്ഥന് സു ഫെഗ്ലിയന്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ചൈനയ്ക്ക് തായ് വാനെ ഭരിയ്ക്കാന്‍ അവകാശമില്ലെന്നാണ് തയ് വാന്റെ അഭിപ്രായം. തയ് വാന്‍ സ്വാതന്ത്ര്യം തേടുന്നവരും അതിന് പിന്തുണ നല്കുന്ന യുഎസും തീകൊണ്ട് കളിക്കുകയാണെന്ന് ഷി ജിന്‍പിങ് പ്രസ്താവിച്ചു.
ഏകാധിപത്യ ശക്തികളായ ചൈനയെയും റഷ്യയെയും നേരിടാന്‍ വീണ്ടും യുഎസിനെ ആഗോള നേതാവായി മടക്കിക്കൊണ്ടുവരുമെന്ന് അധികാരമേറ്റെടുത്തപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് ഡിസംബറില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള ജനാധിപത്യ ഉച്ചകോടി. ഇതുവഴി ചൈനയുടെ ആധിപത്യ മനോഭാവത്തിനെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്ന് യുഎസ് കരുതുന്നു.
യുഎസ് സംഘടിപ്പിക്കുന്ന ജനാധിപത്യ ഉച്ചകോടിയില്‍ ലോകത്തിലെ പക്വതയാര്‍ന്ന ജനാധിപത്യ സംവിധാനങ്ങളുള്ള ഫ്രാന്‍സ്, സ്വീഡന് എന്നീ രാഷ്ട്രങ്ങള്‍ പങ്കെടുക്കും. ഇന്ത്യ, പോളണ്ട്, ഫിലിപ്പൈന്‍സ് എന്നീ രാഷ്ടങ്ങളും സംബന്ധിക്കും. തായ്ലാന്റ്, വിയറ്റ്നാം, തുര്‍ക്കി, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ ഒഴിവാക്കും. മധ്യേഷ്യയില്‍ നിന്നും ഇറാഖും ഇസ്രയേലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: