കൊല്ലം: ഭൂപരിഷ്കരണ നിയമം 1963 അനുസരിച്ചുള്ള മിച്ചഭൂമി കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്കും കളക്ടര്‍മാര്‍ക്കും ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്കി. പരിധിയിലധികമുള്ള ഭൂമി ഏറ്റെടുത്ത് അര്‍ഹര്‍ക്ക് വിതരണം ചെയ്യാനാണ് നിര്‍ദേശം.
ഓരോ ഹിയറിംഗും തമ്മില്‍ പരമാവധി ഒരു മാസത്തില്‍ കൂടുതല്‍ കാലാവധി നല്‍കരുത്, നാലു ഹിയറിങ്ങിനുള്ളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. കക്ഷികള്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകുന്നില്ലെങ്കില്‍ എക്സ്പാര്‍ട്ടി ആയി തീര്‍പ്പാക്കണം.
ബന്ധപ്പെട്ട കക്ഷികളുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കേസ് നീട്ടരുത്. ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കരട് സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അത് ഉള്‍പ്പെടുത്തണം. ഉത്തരവ് പുറപ്പെടുവിച്ച ശേഷമാണ് കൂടുതല്‍ വിവരം ലഭിക്കുന്നതെങ്കില്‍ കേസ് റീ ഓപ്പണ്‍ ചെയ്യണം.
മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കുടിയാന്മാരുടെ കൈവശ ഭൂമികള്‍, പട്ടയം ലഭിച്ച ഭൂമികള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം. ലാന്‍ഡ് ട്രിബ്യൂണലില്‍ നിന്ന് പട്ടയം ലഭിച്ചിട്ടില്ലെങ്കിലും കുടിയാന്മാര്ക്ക് അവകാശമുണ്ടെങ്കില്‍ അത്തരം ഭൂമി ഒഴിവാക്കണം. തരംമാറ്റിയ ഭൂമിക്ക് പരിധി നിര്‍ണയിക്കുന്നതിനുള്ള അധികാരം ലാന്‍ഡ് ബോര്‍ഡുകള്‍ക്കാണ്. അന്തിമ ഉത്തരവ് വന്ന് ഒരു മാസത്തിനകം കേസ് റിക്കാര്‍ഡുകള്‍ ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിക്കണം.
ഒരുമാസം ഒരു താലൂക്കില്‍ 2-10 കേസുകള്‍ വരെ തീര്‍പ്പാക്കണമെന്നും മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമികള്‍ വാങ്ങാതിരിക്കാനുള്ള ജാഗ്രത ഭൂമി വാങ്ങുന്നവര്‍ പുലര്‍ത്തേണ്ടതാണെന്നും ഉത്തരവിലുണ്ട്. മിച്ചഭൂമി ഏറ്റെടുക്കണമെന്നുള്ള ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് ലഭിച്ചാല്‍ ഏഴു ദിവസത്തിനകം തഹസീല്‍ദാര്‍മാര്‍ മിച്ചഭൂമി ഏറ്റെടുക്കണമെന്നും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മഹസര്‍ തയ്യാറാക്കണമെന്നും ഉത്തരവിലുണ്ട്.
ഭൂപരിധി നിര്‍ണയിക്കുന്നതില്‍ നിന്ന് പ്ലാന്റേഷനുകള്‍ എന്ന ഗണത്തില്‍ ഒഴിവ് ലഭിക്കണമെങ്കില്‍ 1964 ഏപ്രില്‍ ഒന്നിന് ഭൂമി പ്ലാന്റേഷന് ആയിരുന്നിരിക്കണം. മണ്ണ് കുഴിച്ചെടുക്കല്‍, പാറ ഖനനം, ഉല്ഖനനം എന്നിവ കൊമേഴ്സ്യല്‍ പ്രവര്‍ത്തനങ്ങള്‍ അല്ലെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
ഭൂമി തരംതിരിക്കും
സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കേസുകള്‍ തരംതിരിക്കും. 1970ന് പരിധിയിലധികം ഭൂമി കൈവശമുള്ളത്, 1970നു ശേഷം പരിധിയിലധികം ഭൂമി ആര്‍ജിച്ചത്, 85(9,9എ) വകുപ്പ് പ്രകാരം റീ ഓപ്പണ്‍ ചെയ്തത്, റിമാന്‍ഡ് ചെയ്തത്, 87-ാം വകുപ്പിന്റെ വിശദീകരണപ്രകാരം ആരംഭിച്ചത്, 85(8) വകുപ്പ് പ്രകാരമുള്ള അപേക്ഷകള്‍ എന്നിങ്ങനെയാണ് തരംതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: