തൃശ്ശൂര്‍: ‘എല്ലാര്‍ക്കുമേ കുമ്മുടു, നാ ബിന്ദു, നമുത്തൂര് സേയ്തിക്ക് എല്ലാര്‍ക്കുമേ സ്വാഗത, മുഖ്യമാന സേയ്തിക….. മലയാളമാണ്. ഇരുളരുടെ മലയാളം. ‘എല്ലാവര്ക്കും നമസ്കാരം, ഞാന്‍ ബിന്ദു. ദേശ വാര്‍ത്തകളിലേക്ക് എല്ലാവര്ക്കും സ്വാഗതം, പ്രധാന വാര്‍ത്തകള്‍…’ ഊരിന് പുറത്തുള്ളവര്‍ ഇങ്ങനെ മനസ്സിലാക്കണം.
വാര്‍ത്ത തുടങ്ങുകയാണ്. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് ഒരു ജനതയുടെ മുന്നേറ്റത്തിന്റെ പാതയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് ഈ വാര്‍ത്താ വായനയുടെ പിറവി. ലിപിയില്ലാതെ പറഞ്ഞും കേട്ടും ഒരു ജനത ആത്മാവില്‍ സ്വീകരിച്ച ഭാഷയില്‍ അവതാരക ബിന്ദു വാര്‍ത്ത വായിക്കുന്നു.
കേള്‍ക്കുമ്പോള്‍ തമിഴിന്റെ രുചി തോന്നും. അട്ടപ്പാടിയിലെ വനവാസികളായ ഇരുള വിഭാഗക്കാര്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ വാര്‍ത്താവതരണ രംഗത്ത് വിപ്ലവം തീര്‍ക്കുകയാണ് അട്ടപ്പാടി ടിവി എന്ന പ്രാദേശിക ചാനല്‍.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ഒക്ടോബര്‍ 8നാണ് സാമൂഹ്യപ്രവര്‍ത്തകയായ ഉമപ്രേമന്റെ സഹായത്തോടെ ബേസില്‍ പി. ദാസിന്റെ നേതൃത്വത്തില്‍ ചാനല്‍ സംപ്രേഷണമാരംഭിച്ചത്. ദിവസവും രാത്രി 9 നാണ് ഇരുള ഭാഷയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. വനവാസികളിലേക്കും വാര്‍ത്തയും മറ്റ് വിവരങ്ങളും എത്തിക്കുകയായിരുന്നു ലക്ഷ്യം.
ആദ്യം അട്ടപ്പാടിയിലെ വാര്‍ത്തകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റെല്ലാ വാര്‍ത്തകളും ഇരുള ഭാഷയില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇരുളരുടെ ഭാഷയിലാണെങ്കിലും കുറുമ്പ, മുഡുക വിഭാഗക്കാര്‍ക്കും ഇത് മനസിലാകും. ഗോത്ര ഭാഷയെങ്കിലും അട്ടപ്പാടിയിലെ കുടിയേറ്റക്കാര്‍ക്ക് ഒരുപരിധി വരെ മനസിലാകുന്ന ഭാഷ പുറമേയുള്ളവര്‍ക്ക് കൗതുകമാണ്. ഈ ഭാഷ മലയാള രൂപത്തിലാക്കിയ ശേഷമാണ് അവതരിപ്പിക്കുന്നത്.
ഇത്തരമൊരു ഭാഷയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയും സ്വന്തം ഭാഷയെ മോശമായി കാണുന്നൊരു തലമുറയ്ക്ക് മുന്നില്‍ ഒരു ഭാഷയും മോശമല്ലെന്ന ആശയം എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ചാനല്‍ എംഡി ബേസില്‍ പി ദാസ് പറയുന്നു.
നാട് പരിഷ്കരിക്കപ്പെടുമ്പോഴും ഊരിന്റെ സ്വന്തം ഭാഷയില്‍ ജീവിക്കാനുള്ള ഒരു നാടിന്റെ ശ്രമമാണ് ഈ സംരംഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: